പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നത് ദേശീയ താൽപര്യം മുൻനിർത്തി; മറ്റ് മോഹങ്ങളില്ല -നിതീഷ് കുമാർ

പട്ന: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുടെ തേരോട്ടം തടയാനുള്ള ഏക മാർഗം ഇതുമാത്രമാണ്. ദേശീയ താൽപര്യം മുൻനിർത്തിയാണ് പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടത്തുന്നതെന്നും അല്ലാതെ തന്റെ വ്യക്തിപരമായ ആവശ്യമല്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

മൂന്നു ദിവസത്തെ ഡൽഹി സന്ദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''എന്നെ സംബന്ധിച്ച് പാർട്ടികളുടെ ഐക്യമാണ് പ്രധാനം. അ​ല്ലാതെ മറ്റൊന്നും ലക്ഷ്യം വെക്കുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചാൽ രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കാൻ പോന്ന തീരുമാനമായിരിക്കും അത്. രാജ്യ താൽപര്യം മുൻനിർത്തി അത്തരമൊരു കൂട്ടുകെട്ട് അനിവാര്യമാണ്''-നിതീഷ് കുമാർ പറഞ്ഞു. എൻ.സി.പി നേതാവ് ശരത് പവാറുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ശരത്കുമാറിന്റെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ താൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നിതീഷ് കുമാർ വ്യക്തമാക്കുകയുമുണ്ടായി.

ശൂന്യമായ വാക്കുകൾക്കപ്പുറം കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട് നിതീഷ് കുമാർ പറഞ്ഞു. വാജ്പേയി സർക്കാരിന്റെ കാലത്തും ഈ ഭരണകാലത്തും നടത്തിയ പ്രവർത്തനങ്ങൾ താരതമ്യം ചെയ്ത് നോക്കിയാൽ അക്കാര്യം മനസിലാക്കാം. രാഷ്ട്രീയ തന്ത്രഞ്ജൻ പ്രശാന്ത് കിഷോറിന്റെ പ്രസ്താവനകളെയും നിതീഷ് തള്ളി.

ബുധനാഴ്ച പവാറിനെ കൂടാതെ സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയെയും നിതീഷ് കണ്ടിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, പിതാവ് മുലായം സിങ് യാദവ്, ഐ.എൻ.എൽ.ഡി നേതാവ് ഒ.പി. ചൗട്ടാല എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Efforts to unite opposition are in national interest: Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.