ഹൈദരാബാദ്: കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഹൈദരാബാദ് നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് നടത്തിയ പരിശോധനയിൽ സാർസ് വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സിംഹങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്.
ഏപ്രിൽ 24ന് അനസ്തേഷ്യ നൽകിയാണ് സിംഹങ്ങളുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. വിശദമായ ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളികുളർ ബയോളജി-ലബോറട്ടറി ഫോർ കൺവർവേഷൻ ഒാഫ് എൻഡേൻജേർഡ് സ്പീഷീസ് (സി.സി.എം.ബി-ലാക്കോൺസ്) ഈ വിവരം പുറത്തുവിട്ടത്. സിംഹങ്ങളിൽ സാർസ്-കോവി2 വൈറസ് ആണ് കണ്ടെത്തിയതെന്ന് വനം മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
എട്ട് സിംഹങ്ങളും നിരീക്ഷണത്തിലാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി മൃഗശാലയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. ഉത്തർപ്രദേശ് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സി.സി.എം.ബി-ലാക്കോൺസ് എന്നിവയിലെ വിദഗ്ധർ പ്രത്യേക സാഹചര്യം വിലയിരുത്തി.
കഴിഞ്ഞ വർഷം ലോകത്തെ ചില മൃഗശാലകളിൽ സംരക്ഷിക്കുന്ന മൃഗങ്ങളിൽ സാർസ്-കോവി2 വൈറസ് കണ്ടെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്നതിന് ആവശ്യമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.