ബംഗളൂരു: 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ബംഗളൂരുവിൽ നിർമിച്ച കെട്ടിടങ്ങളിൽ 85 ശതമാനവും നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി ബി.ബി.എം.പി സർവേ. കർണാടക ഹൈകോടതിയുടെ നിർദേശത്തെ തുടർന്ന് ആരംഭിച്ച ബംഗളൂരുവിലെ കെട്ടിടങ്ങൾ സംബന്ധിച്ച സർവേയിലാണ് ഇൗ വിവരം.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ അനുമതി നൽകിയ 8,496 കെട്ടിടങ്ങളാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 6148 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 5,223 എണ്ണവും അനുവദിക്കപ്പെട്ട രൂപരേഖയിൽനിന്ന് മാറി നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായാണ് കണ്ടെത്തൽ. സൗത്ത്, വെസ്റ്റ് സോണിൽ 2485 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 2293 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തി.
ഹൈകോടതിയുടെ ഉത്തരവ് കണക്കിലെടുത്ത്, ഘട്ടംഘട്ടമായി സർവേ പൂർത്തിയാക്കാനാണ് ബി.ബി.എം.പി തീരുമാനം. 2020 ശേഷം നിർമിച്ച കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. ഇൗ സർവേ അന്തിമഘട്ടത്തിലാണ്. ഇതു പൂർത്തിയായാൽ 2019 മുതൽ 2020 വരെയുള്ള കാലയളവിൽ നിർമിച്ച കെട്ടിടങ്ങൾ പരിശോധിക്കുമെന്നും ബി.ബി.എം.പി ടൗൺ പ്ലാനിങ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനം നടത്തിയവർക്ക് ബി.ബി.എം.പി നോട്ടീസ് അയച്ചു തുടങ്ങി.
കെട്ടിട ഉടമകളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും കൂടുതൽ കെട്ടിടങ്ങളുള്ളതിനാൽ നിയമവിരുദ്ധമായവ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് കോടതിയുടെ മറുപടി കൂടി പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി. അനുമതി ലഭിക്കാത്ത രൂപരേഖ അനുസരിച്ച് നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങളും സമാന്തരമായി ബി.ബി.എം.പി ശേഖരിക്കുന്നുണ്ട്.
അതേസമയം, ബി.ബി.എം.പിയുടെ പല കെട്ടിട ചട്ടങ്ങളും സാേങ്കതികപരമായി നടപ്പാക്കാനാവില്ലെന്നും ഇക്കാര്യം പുനഃപരിശോധിക്കാൻ അധികൃതർ തയാറാവണമെന്നും ബംഗളൂരുവിലെ അസോസിയേഷൻ ഒാഫ് കൺസൽട്ടിങ് സിവിൽ എൻജിനീയേഴ്സ് ചെയർപേഴ്സൻ ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.