ന്യൂഡൽഹി: മന്ത്രിസഭ ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് കൂടികാഴ്ച നടത്തും. ഷിൻഡെയുൾപ്പടെ 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച ഹരജി ജൂലൈ 11ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നേതാക്കൾ ഡൽഹിയിലെത്തിയത്.
കഴിഞ്ഞ ദിവസം ഇരുവരും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതിനെക്കുറിച്ച് നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി എന്നാണ് സൂചനകൾ.
'നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ നിങ്ങൾ രണ്ടുപേരും ജനങ്ങളെ വിശ്വസ്തതയോടെ സേവിക്കുമെന്നും മഹാരാഷ്ട്രയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്'- കൂടിക്കാഴ്ചക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു.
വിമത നീക്കത്തിനൊടുവിൽ ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങൾക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിൽ 288 ൽ 164 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എതിർപക്ഷത്തിന് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.