ന്യൂഡൽഹി: സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കേണ്ട ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി ഓഫിസോ? ഒന്നിനു പുറകെ ഒന്നായി വിവിധ പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കമീഷനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന ആവശ്യമാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാറിന്റെ ആജ്ഞാനുവർത്തിയായി കമീഷൻ മാറിയെന്ന് പാർട്ടി നേതാവ് ഡറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിൽ അടക്കം ആറ് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഒബ്രിയൻ കമീഷനെ വിമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസർക്കാറിന്റെ ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചു. പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നശേഷം സർക്കാർ പദ്ധതികളെക്കുറിച്ച് വോട്ടർമാർക്ക് പ്രധാനമന്ത്രി കത്തയച്ചു. സർക്കാർ സംവിധാനം ഉപയോഗിച്ച് നടത്തുന്ന വോട്ടഭ്യർഥന പൊതുപ്പണ ദുരുപയോഗമാണ്. ഈ കത്ത് പിൻവലിക്കാൻ നിർദേശം നൽകണമെന്ന് ഡറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. ഖജനാവിൽനിന്ന് പ്രചാരണത്തിന് പണം ചെലവാക്കരുതെന്ന് നിർദേശിക്കണം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചെലവു കണക്കിൽ കത്തയച്ച ചെലവ് ഉൾപ്പെടുത്തണം. തെരഞ്ഞെടുപ്പ് കമീഷനെ പാർട്ടി ഓഫിസാക്കുകയാണ് ബി.ജെ.പി. സംസ്ഥാന സർക്കാറുകൾ നിയമിച്ച ഓഫിസർമാരെ സ്ഥലംമാറ്റുന്ന രീതിയെയും തൃണമൂൽ കോൺഗ്രസ് ചോദ്യം ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷണർമാരെ നിശ്ചയിക്കുന്ന ഉന്നതതല സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്ത നിയമനിർമാണം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയിൽതന്നെയാണ് അവ്യക്തമായ സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒരു കമീഷണർ രാജിവെച്ചത്. പുതിയ നിയമവ്യവസ്ഥ പ്രകാരം രണ്ട് കമീഷണർമാരെ തിരക്കിട്ട് നിയമിക്കുകയും ചെയ്തു. മുമ്പൊരിക്കലുമില്ലാത്ത വിധം 44 ദിവസത്തേക്ക് നീളുന്നവിധം വോട്ടെടുപ്പു ദിവസങ്ങൾ ക്രമീകരിച്ചതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. 80 സീറ്റുള്ള യു.പിയിലും നേർപകുതി സീറ്റു മാത്രമുള്ള മറ്റു രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ഏഴു ഘട്ടമാക്കിയതിലെ പൊരുത്തക്കേട് അവർ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഇറക്കുന്നു, വ്യോമസേന വിമാനം പ്രധാനമന്ത്രി പ്രചാരണയാത്രക്ക് ദുരുപയോഗിക്കുന്നു, പരസ്യങ്ങളിൽ ദേശീയപതാകയും സൈനിക യൂനിഫോമും ഉപയോഗപ്പെടുത്തുത്തുന്നു തുടങ്ങിയ പ്രതിപക്ഷ പരാതികളിൽ നടപടി ഉണ്ടായിട്ടില്ല.
സുതാര്യത അവകാശപ്പെടുന്ന കമീഷൻ, ഒരു കമീഷണർ തിടുക്കപ്പെട്ട് രാജിവെച്ച സാഹചര്യത്തെക്കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ്കുമാർ വ്യക്തമായ മറുപടി നൽകാതിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. രാജിവെച്ച കമീഷണറുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞൊഴിഞ്ഞത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ മുൻകാല പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച പരാതികളിൽ കമീഷൻ സ്വീകരിച്ച നടപടിയെക്കുറിച്ച ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിനായില്ല. വിവിപാറ്റ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്നതിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ കക്ഷികൾ പലവട്ടം കൂടിക്കാഴ്ചക്ക് അനുമതി തേടിയെങ്കിലും കമീഷൻ അവസരം നിഷേധിച്ചതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ശിപാർശ ചെയ്ത് ഒരു ദിവസത്തിനകം പശ്ചിമ ബംഗാൾ ഡി.ജി.പി വിവേക് സഹായിയെ മാറ്റി. സഞ്ജയ് മുഖർജിയെ ഈ പദവിയിൽ നിയമിക്കാനാണ് സംസ്ഥാന സർക്കാറിനുള്ള പുതിയ നിർദേശം. ഏഴു ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് തീരുന്നതിനു മുമ്പ് മേയ് ആദ്യവാരംതന്നെ സഹായ് വിരമിക്കുന്നത് കണക്കിലെടുത്താണ് മാറ്റം. ഇക്കാര്യം കമീഷന്റെ ശ്രദ്ധയിൽപെട്ടില്ല. സീനിയോറിറ്റി മുൻനിർത്തിയാണ് അദ്ദേഹത്തെ നേരത്തേ ഡി.ജി.പിയായി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.