ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിച്ചത് ആരിൽനിന്നെന്ന് വെളിപ്പെടുത്താതെ ബി.ജെ.പിയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ 2019ലും 2023ലും മുദ്രവെച്ച കവറിൽ തെരഞ്ഞെടുപ്പ് കമീഷൻ വഴി സുപ്രീംകോടതിയിൽ സമർപ്പിച്ച വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമാണെന്ന 2024 മാർച്ച് 15 ലെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയപാർട്ടികൾ നൽകിയ വിവരങ്ങൾ കമീഷൻ തിരിച്ചുവാങ്ങി പ്രസിദ്ധീകരിക്കുകയായിരുന്നു.
മുദ്രവെച്ച കവറിലെ രേഖകള്‍ക്ക് പുറമെ പെന്‍ ഡ്രൈവില്‍ ഡിജിറ്റല്‍ പകര്‍പ്പും കോടതിക്ക് കൈമാറിയിരുന്നു. ഡിജിറ്റല്‍ പകര്‍പ്പില്‍നിന്നുള്ള ഡാറ്റയാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ 12 മുതലുള്ള വിവരങ്ങള്‍ എസ്.ബി.ഐ നല്‍കിയത് നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2017-2018 സാമ്പത്തിക വര്‍ഷം മുതലുള്ള വിവരങ്ങളും പുതുതായി പുറത്തുവിട്ടതിലുണ്ട്.
ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആരിൽനിന്ന് സംഭാവന സ്വീകരിച്ചു എന്നതടക്കം വെളിപ്പെടുത്താതെ അപൂർണ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, ബി.എസ്.പി, മേഘാലയയിലെ ഭരണകക്ഷിയായ നാഷനൽ പീപ്പ്ൾസ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ചില പാർട്ടികൾ 2019 വരെയുള്ള വിവരങ്ങൾ മാത്രമാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിക്ക് 500 ബോണ്ടുകൾ വഴി 210 കോടി രൂപയാണ് സമാഹരിച്ചത്.
ഇലക്ടറൽ ബോണ്ട് സ്വീകരിച്ചവരിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ മാത്രമാണ് പൂർണ വിവരങ്ങൾ കമീഷന് നൽകിയിട്ടുള്ളത്. 656.5 കോടി രൂപയാണ് സംഭാവനയായി സ്വീകരിച്ചതെന്ന് ഡി.എം.കെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 509 കോടി രൂപയും ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനിൽനിന്നാണ് സ്വീകരിച്ചത്.
തമിഴ്നാട്ടിലെ പ്രതിപക്ഷമായ എ.ഐ.ഡി.എം.കെ ആറുകോടി രൂപ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിൽനിന്ന് സ്വീകരിച്ചു. അംഗീകാരമുള്ളതും അല്ലാത്തതുമായ 500ലധികം രാഷ്ട്രീയ പാർട്ടികളാണ് സുപ്രീംകോടതിയിൽ വിവരങ്ങൾ സമർപ്പിച്ചത്. ഇതിൽ ബഹുഭൂരിപക്ഷത്തിനും ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചിട്ടില്ല.
ജമ്മു- കശ്മീരിലെ സംസ്ഥാന പാർട്ടിയായ നാഷനൽ കോൺഫറൻസ് ഭാരതി ഗ്രൂപ്പിൽനിന്ന് 50 ലക്ഷം രൂപ ലഭിച്ചതായി വെളിപ്പെടുത്തി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് അലമ്പിക് ഫാർമയിൽനിന്ന് 50 ലക്ഷം രൂപ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.