രേവന്ത് റെഡ്ഡിയെ സന്ദർശിച്ചതിന് തെലങ്കാന ഡി.ജി.പിയെ സസ്പെൻഡ് ചെയ്ത നടപടി തെര. കമീഷൻ പിൻവലിച്ചു

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം കോൺഗ്രസ് അധ്യക്ഷനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എ. രേവന്ത് റെഡ്ഡിയെ സന്ദർശിച്ചതിന് ഡി.ജി.പി അഞ്ജനി കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിച്ചു. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഡി.ജി.പി അഞ്ജനി കുമാറിനെ അന്ന് സസ്പെന്‍ഡ് ചെയ്തത്.

അഞ്ജനി കുമാർ തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിച്ചത്. മന:പൂർവം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രേവന്ത് റെഡ്ഡി അഭ്യർഥിച്ചത് പ്രകാരമാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്നും വിശദീകരിച്ചു. ഇതോടെയാണ് സസ്പെൻഷൻ നീക്കിയത്.

ഡിസംബർ മൂന്നിന് നടന്ന വോട്ടെണ്ണലിൽ തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഡി.ജി.പി രേവന്ത് റെഡ്ഡിയെ സന്ദർശിച്ചത്. രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു. ഡി.ജി.പി രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് നൽകുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

അഞ്ജനി കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തെലങ്കാന സർക്കാർ രവി ഗുപ്തയെ ഡി.ജി.പിയായി നിയമിച്ചിരുന്നു.

Tags:    
News Summary - Election Commission Revokes Suspension of Former Telangana DGP Anjani Kumar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.