ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഉൾപ്പാർട്ടി ജനാധിപത്യം ഉറപ്പാക്കാനും അധികാരം നൽകണമെന്ന് തെരഞ്ഞെടുപ്പു കമീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനു മാത്രമാണ് ഇപ്പോൾ കമീഷന് അധികാരം; റദ്ദാക്കുന്നതിന് ഇല്ല. ജനപ്രാതിനിധ്യ നിയമത്തിലും അംഗീകാരം റദ്ദാക്കുന്ന കാര്യത്തിൽ വ്യക്തമായ വ്യവസ്ഥയില്ല. നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ ഉൾപ്പാർട്ടി ജനാധിപത്യം ഉറപ്പുവരുത്താനാവും.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നത് വിലക്കണമെന്ന ഹരജിയെ അനുകൂലിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമീഷൻ ഇൗ ആവശ്യം മുന്നോട്ടുവെച്ചത്. രജിസ്ട്രേഷൻ നടത്തുന്ന സമയത്തെ ഉറപ്പുകൾ ലംഘിെച്ചന്നോ ഭരണഘടനാ വ്യവസ്ഥ മറികടക്കുന്നുവെന്നോ കണ്ടാൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം എടുത്തുകളയാൻ കമീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന 2002ലെ സുപ്രീംകോടതി വിധി സത്യവാങ്മൂലത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. തെറ്റായവഴിക്കാണ് രജിസ്ട്രേഷൻ നേടിയതെങ്കിൽ അംഗീകാരം പോകുമെന്നാണ് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
രജിസ്റ്റർ ചെയ്തു എന്നല്ലാതെ, തെരഞ്ഞെടുപ്പിൽ ഒരിക്കലും മത്സരിക്കാത്ത പാർട്ടികളുണ്ട്. കടലാസ് സംഘടനകൾ മാത്രമാണ് അത്. ആദായ നികുതി ഒഴിവിൽ കണ്ണുവെച്ച് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. 2016 ഫെബ്രുവരിക്കും ഡിസംബറിനുമിടയിൽ 255 രാഷ്ട്രീയ പാർട്ടികളുടെ പേര് സക്രിയ പാർട്ടികളുടെ പട്ടികയിൽനിന്ന് മാറ്റിയ കാര്യവും കമീഷൻ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. കേന്ദ്ര സർക്കാർ നിലപാട് ഇനിയും അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.