മംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കർണാടക-കേരള സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതനുസരിച്ച് 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വെക്കുന്നവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെളിവ് നൽകണം. ഇല്ലെങ്കിൽ തുക കണക്കിൽ പെടാത്തതായി കണ്ടുകെട്ടും.
കേരളത്തിൽ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷൻ ആവശ്യങ്ങൾക്ക് അതിർത്തി കടന്നുവരുന്നവർ ഏറെയാണ്. വലിയ തുകകൾ കൈവശം വെക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടിവരും. രേഖകൾ ഇല്ല എന്ന കാരണത്താൽ പിടിച്ചെടുക്കുന്ന പണം തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ മാത്രമാണ് തിരികെ ലഭിക്കുക. തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.
തലപ്പാടി ടോൾ ഗേറ്റിൽ കർണാടക സർക്കാർ പ്രധാന ചെക് പോസ്റ്റ് തുറന്നു. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും രണ്ടുതവണ പരിശോധിക്കും. ദേവിപുര റോഡിൽ മറ്റൊരു ചെക് പോസ്റ്റും തുറന്നിട്ടുണ്ട്. സുള്ള്യ താലൂക്ക് പരിധിയിൽ കല്ലുഗുണ്ടി ജില്ലാ അതിർത്തി ചെക്ക് പോസ്റ്റ്, സമ്പാജെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, ജാൽസൂർ പൊലീസ് ചെക്ക് പോസ്റ്റ്, നാർക്കോട് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി.
ബണ്ട്വാളിൽ ശാരദ്ക, ആനക്കല്ലു, കന്യാന, സാലെത്തൂറു, മേടു എന്നിവിടങ്ങളിലാണ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മേട് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത ഒന്നര ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മംഗളുറു കമീഷണറേറ്റിൽ പെടുന്ന കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബോളിയാറു വില്ലേജിന്റെ അതിർത്തി പ്രദേശമായ ചേലൂരിന് സമീപവും ചെക്ക് പോസ്റ്റ് തുറന്നിട്ടുണ്ട്.
എല്ലാ ചെക്ക് പോസ്റ്റുകളിലും സിസിടിവികൾ സ്ഥാപിച്ചു. കർണാടകയിൽ പണമിടപാടുകൾ പരിശോധിക്കാനായി 2,040 ഫ്ലയിംഗ് സ്‌ക്വാഡുകൾ, 2,605 സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകൾ, 266 വീഡിയോ വ്യൂവിംഗ് ടീമുകൾ, 631 വീഡിയോ നിരീക്ഷണ ടീമുകൾ, 225 അകൗണ്ടിംഗ് ടീമുകൾ എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനായി പണം, മദ്യം, മയക്കുമരുന്ന്, ആഭരണങ്ങൾ തുടങ്ങിയവ കൈമാറുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.