ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. ദേശീയ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവിന് തന്നെ നിമിത്തമാകാവുന്ന വിധം നിർണായകമായ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ ഫലങ്ങളാണ് വ്യാഴാഴ്ച പുറത്തു വരുന്നത്.
രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ ചിത്രം തെളിയും. യു.പിയിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഡൽഹിക്കു പിറകെ, കോൺഗ്രസിനെ പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി തറ പറ്റിക്കും. ബി.ജെ.പി ഭരിക്കുന്ന ഗോവയിലും ഉത്തരാഖണ്ഡിലും തൂക്കുസഭക്കാണ് സാധ്യത. മണിപ്പൂർ വീണ്ടും ബി.ജെ.പി പിടിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിച്ചു.
ഇത്തരം സർവേകളുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഈ സൂചനകൾ മുൻനിർത്തിയുള്ള കരുനീക്കങ്ങളിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. ജനവിധി അട്ടിമറിക്കുന്ന വിധം കുതിരക്കച്ചവടം നടക്കുമെന്ന ആശങ്ക ശക്തം. ഏറ്റവും വലിയ ഒറ്റക്കക്ഷി ഏതു പാർട്ടിയായാലും അധികാരം പിടിക്കാൻ പാകത്തിൽ എം.എൽ.എമാരെ വലവീശാനുള്ള പിന്നാമ്പുറ നീക്കങ്ങളും, അത് പ്രതിരോധിക്കാനുള്ള ശ്രമങ്ങളും സജീവം.വില പേശലും ഒപ്പമുണ്ട്.
ബി.ജെ.പിയും കോൺഗ്രസുമായി ഒരുപോലെ നീക്കുപോക്ക് ചർച്ച നടക്കുന്നുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിലെ ഗോവ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവാലികർ വെളിപ്പെടുത്തിയത്.
വോട്ടുയന്ത്രം കടത്തിയെന്ന വിവാദത്തോടെ തെരഞ്ഞെടുപ്പ് സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന യു.പിയിലെ എല്ലാ ജില്ലകളിലും വോട്ടെണ്ണൽ ലൈവ് വെബ്കാസ്റ്റായി ലഭ്യമാക്കണമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചു.
വോട്ടെണ്ണുന്നതിനു മുമ്പേ വിവിപാറ്റ് സ്ലിപ് ഒത്തുനോക്കണമെന്നാവശ്യപ്പെടുന്ന അടിയന്തര ഹരജി സുപ്രീംകോടതി മുമ്പാകെ എത്തിയെങ്കിലും, ഇതിനകം നിശ്ചയിച്ച വോട്ടെണ്ണൽ പ്രക്രിയയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.