ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ അടക്കം 56 പേർ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഈ സീറ്റുകളിലേക്ക് അടുത്ത മാസം 27ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചു. ഫെബ്രുവരി 15 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 20 വരെ പത്രിക പിൻവലിക്കാം. രാവിലെ ഒൻപതു മുതൽ വൈകീട്ടു നാലുവരെ വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണൽ.
രാജ്യസഭയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് നിലവിൽ 114 അംഗങ്ങളുണ്ട്. ഇതിൽ 93 പേർ ബി.ജെ.പിയുടേതാണ്. കോൺഗ്രസിന് 30 പേർ. ഏപ്രിൽ രണ്ടിനാണ് 50 പേർ കാലാവധി പൂർത്തിയാക്കുന്നത്. ആറു പേരുടെ പ്രവർത്തന കാലാവധി മൂന്നിന് കഴിയും. റെയിൽവേ മന്ത്രി അശ്വിനി കുമാർ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരും കാലാവധി പൂർത്തിയാക്കുന്നവരിൽ ഉൾപ്പെടും.
എൻ.സി.പിയും ശിവസേനയും പിളർന്ന മഹാരാഷ്ട്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കൂടുതൽ ശ്രദ്ധേയമാവും. അധികാരം പിടിച്ച കർണാടകത്തിൽ നിന്നും തെലങ്കാനയിൽനിന്നും കോൺഗ്രസിന് കൂടുതൽ പേരെ രാജ്യസഭയിൽ എത്തിക്കാൻ സാധിക്കും. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നായി ആറു പേരെക്കൂടി രാജ്യസഭയിൽ എത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞേക്കും.
നോമിനേറ്റ് ചെയ്ത നാലു പേരും വിരമിക്കുന്നുണ്ട് -മഹേഷ് ജത്മലാനി, സൊണാൽ മാൻസിങ്, രാം ശകൽ, രാകേഷ് സിൻഹ എന്നിവർ. നോമിനേറ്റ് ചെയ്യേണ്ട രണ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.