എക്സിറ്റ് പോളിനെ എക്സിറ്റ് അടിച്ച് യു.പി

ന്യൂഡല്‍ഹി: ബി.ജെ.പി മുന്നിലത്തെുമെന്ന എക്സിറ്റ് പോള്‍ പ്രവചനം നടത്തിയവര്‍പോലും കാണാതിരുന്ന അടിയൊഴുക്കിനാണ് ഉത്തര്‍പ്രദേശ് സാക്ഷ്യംവഹിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പരമാവധി 210 സീറ്റാണ് ബി.ജെ.പിക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍, 312 സീറ്റ് നേടി ബി.ജെ.പി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. 

ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ 190 മുതല്‍ 210 സീറ്റുവരെ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പറഞ്ഞത്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് 110നും 130നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന പ്രവചനവും പാളി. 54 സീറ്റ് മാത്രമാണ് സഖ്യത്തിന് ഇവിടെ നേടാനായത്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഏറ്റവുമധികം സീറ്റ് പ്രവചിച്ചത് എ.ബി.പി ന്യൂസ്-ലോക്നീതി സര്‍വേയാണ്. 156 മുതല്‍ 169 വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രവചനം. മറ്റുള്ളവര്‍ 110ന് മുകളില്‍ സീറ്റുകളാണ് കണക്കുകൂട്ടിയത്. ഇന്ത്യ ന്യൂസ്-എം.ആര്‍.സി സര്‍വേയില്‍ 90 സീറ്റ് ബി.എസ്്.പി നേടുമെന്നാണ് പറഞ്ഞിരുന്നത്. മറ്റുള്ളവരും 50ന് മുകളില്‍ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍, ബി.എസ്.പിക്ക് കിട്ടിയത് വെറും 19 സീറ്റ് മാത്രം. 

പഞ്ചാബില്‍ ഇന്ത്യ ടുഡെ-ആക്സിസ് സര്‍വേ കോണ്‍ഗ്രസിന്‍െറ കാര്യത്തില്‍ ഏറക്കുറെ ശരിയായെങ്കിലും മറ്റ് പ്രവചനങ്ങള്‍ തെറ്റി. കോണ്‍ഗ്രസ് 62 മുതല്‍ 71സീറ്റുവരെ നേടുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 77 സീറ്റാണ് ലഭിച്ചത്. ആപ്പിന് 42 മുതല്‍ 51 സീറ്റ് വരെ ലഭിക്കുമെന്ന പ്രവചനം പാളി. ആപ് 59 മുതല്‍ 67 വരെ സീറ്റ് നേടി അധികാരത്തിലത്തെുമെന്ന ഇന്ത്യ ടി.വി-സീ വോട്ടര്‍ പ്രവചനവും തെറ്റി. ആപ്പിന് 20 സീറ്റ് മാത്രമാണ് നേടാനായത്. അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് പഞ്ചാബില്‍ ദയനീയ തോല്‍വിയായിരിക്കുമെന്നാണ് എല്ലാ സര്‍വേ ഫലങ്ങളും പ്രവചിച്ചത്. അത് ഏറക്കുറെ ശരിയായി. 

ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്നതായിരുന്നു ഭൂരിഭാഗം സര്‍വേ ഫലങ്ങളും. ഇന്ത്യ ടി.വി-സീ വോട്ടര്‍ സര്‍വേ ബി.ജെ.പിക്കും കോണ്‍ഗ്രസിനും 29 മുതല്‍ 35 സീറ്റ് വരെയാണ് പ്രവചിച്ചത്. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നല്‍കിയത് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വേയാണ്. 53 സീറ്റുവരെ ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഫലം വന്നപ്പോള്‍ ബി.ജെ.പി 57 സീറ്റ് നേടിയാണ് മുന്നിലത്തെിയത്. കോണ്‍ഗ്രസ് വെറും 11 സീറ്റില്‍ ഒതുങ്ങി. മറ്റുള്ളവര്‍ കോണ്‍ഗ്രസിന് 12 മുതല്‍ 30 വരെ സീറ്റ് പ്രവചിച്ചിരുന്നു. 

ഗോവയിലും സര്‍വേ ഫലങ്ങള്‍ പിഴച്ചു. ബി.ജെ.പി 15 മുതല്‍ 22 സീറ്റുകള്‍ വരെ നേടി മുന്നിലത്തെുമെന്നാണ് വിവിധ എക്സിറ്റ് പോള്‍ സാധ്യത പറഞ്ഞിരുന്നത്്. ഫലം വന്നപ്പോള്‍ ബി.ജെ.പി 13 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒമ്പത് മുതല്‍ 18 വരെ സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ ലഭിച്ചത് 17 സീറ്റ്. ആപ്പിന് ഏഴ് സീറ്റ് ലഭിക്കുമെന്നാണ് ഇന്ത്യ ന്യൂസ്-എം.ആര്‍.സി സര്‍വേ പ്രവചിച്ചത്. മറ്റുള്ളവരും രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ ആപ്പിന് പ്രവചിച്ചിരുന്നു. എന്നാല്‍, ആപ്പിന് ഗോവയില്‍ അക്കൗണ്ട് തുറക്കാനായില്ല. 

മണിപ്പൂരില്‍, ഇന്ത്യ-ടി.വി-സി വോട്ടര്‍ സര്‍വേ ബി.ജെ.പിക്കും ഇന്ത്യ ടുഡെ-ആക്സിസ് സര്‍വേ കോണ്‍ഗ്രസിനുമാണ് സാധ്യത കല്‍പിച്ചത്. 30നും 36നുമിടയില്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ-ആക്സിസ് എക്സിറ്റ് പോള്‍ പ്രവചിച്ചത്. 28 സീറ്റാണ് കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത്. ബി.ജെ.പി 21 സീറ്റും നേടി.

Tags:    
News Summary - up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.