ന്യൂഡൽഹി: സുപ്രീംകോടതി റദ്ദാക്കിയിട്ടും വിവാദ ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കള്ളപ്പണത്തിന്‍റെ മേധാവിത്വം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതെന്ന് അമിത് ഷാ പ്രതികരിച്ചു.
കള്ളപ്പണം തിരികെ എത്തുമോയെന്ന് ഭയപ്പെടുന്നു. ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടിയിരുന്നത്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. കോടതി വിധി സംബന്ധിച്ച പ്രതികരണം വ്യക്തിപരമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യടുഡേ സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.
ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവനകൾ നൽകയതിന്‍റെ വിശദാംശങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്നും കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച ആദ്യ പട്ടികിയുള്ളത്. ആദ്യ പട്ടികയിൽ ഉൾപ്പെട്ട 30 കമ്പനികളിൽ 14 പേരും വിവിധ അന്വേഷണ ഏജൻസികളുടെ നടപടികൾ നേരിട്ടവരാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ബോണ്ട് നൽകിയ കമ്പനികൾക്ക് നിരവധി കരാറുകളും പദ്ധതികളും ലഭിച്ചെന്നുമാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഇലക്ടറൽ ബോണ്ടിൽ കണ്ടത് ബി.ജെ.പി വെട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ‘അഴിമതി കുതന്ത്ര’മെന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയ പല കമ്പനികൾക്കും അതിനുള്ള പ്രത്യുപകാരം കരാറുകളായും മറ്റും ലഭിച്ചുവെന്ന് കണക്കുകൾ നിരത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് കമ്പനികളെ ഭീഷണിപ്പെടുത്തി ബി.ജെ.പി സർക്കാർ സംഭാവന പിരിച്ചുവെന്നും കോൺഗ്രസ് തെളിവുസഹിതം ആരോപിക്കുന്നു. ആദായ നികുതി വകുപ്പ് 2023 ഡിസംബറിൽ ഷിർദിസായ് ഇലക്ട്രിക്കൽസ് കമ്പനിയിൽ റെയ്ഡ് നടത്തി. അടുത്ത മാസം കമ്പനി 40 കോടി സംഭാവന നൽകി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022 ഏപ്രിലിൽ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസിൽ റെയ്ഡ് നടത്തി. അഞ്ചു ദിവസങ്ങൾക്കകം കമ്പനി 100 കോടി സംഭാവന നൽകി. 2023 ഒക്ടോബറിൽ ആദായനികുതി വകുപ്പും കമ്പനിയിൽ റെയ്ഡ് നടത്തി. അതേ മാസം തന്നെ കമ്പനി 65 കോടി സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.