ന്യൂഡൽഹി: ഏതു കമ്പനിയായാലും അവരുടെ ഏറ്റവും വലിയ മുൻഗണന ലാഭം നേടുക എന്നതായിരിക്കും. അതു കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ കമ്പനികൾ അങ്ങനെയല്ല. അവരുടെ ലാഭത്തിനേക്കാൾ കൂടുതൽ പണം സംഭാവന നൽകിയാണ് അവർ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്. ഏഴു കമ്പനികളുടെ പട്ടികയിൽ ഒന്നാമതുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2019-20 മുതൽ 2022-2023 വരെയുള്ള കാലയളവിലെ ലാഭം 215 കോടിയാണ്. എന്നാൽ 1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. അതുപോലെ ക്വിക്ക് സപ്ലൈ ചെയിൻ ലിമിറ്റഡിന് ഇതേ കാലയളവിൽ ലാഭം കിട്ടിയത് 109 കോടിയാണ്. 140 കോടിയാണ് ബോണ്ടുകൾ വാങ്ങാനായി കമ്പനി ചെലവഴിച്ചത്.
നവയുഗ എൻജിനീയറിങ് കമ്പനി ലിമിറ്റഡ് സത്യം പറഞ്ഞാൽ നഷ്ടത്തിലാണ്. ഏതാണ്ട് 495 കോടി രൂപയാണ് സ്ഥാപനത്തിന്റെ നഷ്ടം. എന്നാൽ 55 കോടി രൂപ കൊടുത്ത് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കമ്പനി ധൈര്യം കാണിച്ചു. മേൽ പറഞ്ഞ കാലയളവിൽ വെറും 0.124 ശതമാനം ലാഭമുണ്ടാക്കിയ കെവെന്റർ ഫുഡ്പാർട്ട് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് 195 കോടിയാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ ഇറക്കിയത്.
13.28 കോടി രൂപ ലാഭത്തിന്റെ ബലത്തിൽ മദൻലാൽ ലിമിറ്റഡ് 185.5 കോടിയുടെ ബോണ്ടുകൾ വാങ്ങി. ലാഭവിഹിതം എത്രയെന്നു പോലും രേഖപ്പെടുത്താത്ത എം.കെ.ജെ എന്റർപ്രൈസസ് 192.24 കോടി രൂപക്ക് ബോണ്ട് വാങ്ങി. 36.6 കോടി രൂപ ലാഭമുണ്ടാക്കിയ ചെന്നൈ ഗ്രീൻ വുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് 105 കോടി ചെലവഴിച്ച് ബോണ്ടുകൾ വാങ്ങി. നാലുവർഷം കൊണ്ട് 1.33 കോടി രൂപ ലാഭം നേടിയ ഇൻഫോസിസ് 10 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.