പാമ്പിന്‍ വിഷവുമായി ലഹരിപ്പാര്‍ട്ടി; എൽവിഷ് യാദവിനെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ ​പൊലീസ്

നോയിഡ: പാമ്പിന്‍റെ വിഷവുമായി ലഹരി പാർട്ടി സംഘടിപ്പിച്ച കേസില്‍ ബിഗ്ബോസ് വിജയിയും ബിജെപി അനുഭാവിയുമായ എല്‍വിഷ് യാദവിനെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി ഉമേഷ് മിശ്ര അറിയിച്ചു. റിയാലിറ്റി ടിവി താരത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ​ചെക്ക്പോയിന്റിൽ വെച്ച് ഒരു കാർ തടഞ്ഞ പൊലീസ്, കാർ പരിശോധിക്കുകയും തുടർന്നുള്ള ചോദ്യം ​ചെയ്യലിൽ അകത്തുള്ളത് എൽവിഷാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കോട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നോയിഡ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ ഇപ്പോൾ കോട്ട പൊലീസ് വിട്ടയച്ചെന്നാണ് സൂചന.

നേരത്തെ, നിശാപാർട്ടികളിൽ പാമ്പിന്റെ വിഷം ഉപയോഗിച്ച സംഭവത്തിൽ എൽവിഷ് യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരുന്നു. വന്യജീവി സംരക്ഷണം നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തത്.

ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യാദവ് ഒരു യൂട്യൂബറും ഗായകനും കണ്ടന്‍റ്​ ക്രിയേറ്ററും ആണ്​. ഈ വർഷം സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് ഇയാൾ കൂടുതൽ പ്രശസ്തനായത്. 2016ൽ ‘ദി സോഷ്യൽ ഫാക്ടറി’ എന്ന ചാനലിലൂടെയാണ് എൽവിഷ്​ തന്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. ഫ്ലാഷ് ഫിക്ഷനെയും ഹ്രസ്വചിത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ യാദവ് പ്രധാനമായും പങ്കുവെച്ചിരുന്നത്. പിന്നീട് ഇതിന്റെ പേര് എൽവിഷ് യാദവ് എന്നാക്കി മാറ്റുകയായിരുന്നു. 14.5 ലക്ഷം സബ്​സ്​ക്രൈബേഴ്​സ്​ എൽവിഷിനുണ്ട്​.

എൽവിഷ്​ തന്‍റെ യൂട്യൂബ്​ ചാനലിലൂടെ പ്രധാനമായും പിന്തുണച്ചിരുന്നത്​ ഹിന്ദുത്വ രാഷ്ട്രീയത്തേയും ബി.ജെ.പിയേയും ആയിരുന്നു. പ്രമുഖ ബി.ജെ.പി നേതാക്കളുമായുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ നിരവധിതവണ പങ്കുവച്ചിട്ടുണ്ട്​. കേരള സ്​​റ്റോറി വിവാദത്തിൽ വമ്പിച്ച ​തോതിൽ മലയാളികൾക്ക്​ എതിരേ വർഗീയ പ്രചാരണം ഇയാൾ നടത്തിയിരുന്നു. കേരള സ്​റ്റോറിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയ ധ്രൂവ്​ റാട്ടിക്ക്​ എതിരേ നിരവധി വ്ലോഗുകളും ഇയാൾ ചെയ്തിട്ടുണ്ട്​. തന്‍റെ കണ്ടന്‍റുകളിൽ പരമാവധി മുസ്​ലിം വിരുദ്ധത തിരുകിക്കയറ്റാനും ഇയാൾ ശ്രദ്ധിക്കാറുണ്ട്​.

Tags:    
News Summary - Elvish Yadav Detained In Kota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.