രാഹുൽ ഗാന്ധിയും ഉൾഫയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഹിമന്ത ബിശ്വശർമ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഘടനവാദ ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. രാഹുൽ ഗാന്ധിയും വിമത ഗ്രൂപ്പായ ഉൾഫയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ് അനുകൂല വാരികകളായ പാഞ്ചജന്യയുടെയും ഓർഗനൈസിന്‍റെയും മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രിയുടെ വിമർശനം.

"ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂനിയൻ മാത്രമായി കാണുന്നത് നമ്മുടെ 5000 വർഷം പഴക്കമുള്ള സമ്പന്നമായ നാഗരികതയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂനിയൻ മാത്രമാണെങ്കിൽ അതിനർഥം നിങ്ങൾ ഇന്ത്യയിലുള്ള എല്ലാത്തിനുമെതിരെ തർക്കിക്കുക്കയാണെന്നാണ്. അദ്ദേഹം വിഘടനവാദ ഘടകങ്ങളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ ജെ.എൻ.യുവിൽ ആരെങ്കിലും അദ്ദേഹത്തെ പഠിപ്പിക്കുന്നുണ്ടാകാം. അദ്ദേഹത്തിന്‍റെ ഭാഷയും ഉൾഫയുടെ ഭാഷയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല." -അദ്ദേഹം ആരോപിച്ചു.

2015ൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ഹിമാന്ത ശർമ്മ സോണിയ ഗാന്ധിയുടെ പാർട്ടി നേതൃത്വം ഗാന്ധി കുടുംബത്തിനപ്പുറം ഒന്നുമല്ലെന്ന് ആരോപിച്ചിരുന്നു. കോൺഗ്രസിൽ ഗാന്ധിമാർക്കപ്പുറം മറ്റൊന്നുമില്ലെന്നും ബി.ജെ.പിയിൽ ഞങ്ങൾ രാഷ്ട്രത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ നിങ്ങളെക്കാൾ വലുതാണെന്ന് ഗാന്ധിമാരോട് പറഞ്ഞാൽ കോൺഗ്രസിലെ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മാതൃഭാഷക്ക് പുറമെ ഹിന്ദി പഠിക്കുന്നത് രാജ്യത്തെ പല സംസ്ഥാനങ്ങളിലും തൊഴിൽ നേടുന്നതിന് സഹായിക്കുമെന്നും ഹിമാന്ത ശർമ്മ പറഞ്ഞു. 

Tags:    
News Summary - 'Encouraging secessionist elements': Assam CM flays Rahul Gandhi for Union of States remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.