ബംഗളൂരു: ഭരണസിരാകേന്ദ്രത്തിൽ 10.5 ലക്ഷം രൂപയുമായി കർണാടക പൊതുമരാമത്ത് വകുപ്പിലെ ജൂനിയർ എൻജിനീയർ പിടിയിൽ. ബി.ജെ.പി സർക്കാർ അഴിമതി ഭരണത്തിനായി വിധാൻ സൗധയെ കേന്ദ്രമാക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
കർണാടക നിയമസഭ മന്ദിരമായ വിധാൻ സൗധയിലാണ് ബുധനാഴ്ച വൈകീട്ട് 5.30ഓടെ മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ജൂനിയർ എൻജിനീയറായ ജെ. ജഗദീഷ് എത്തിയത്. ഗേറ്റിൽ സുരക്ഷ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുള്ള ബാഗിൽനിന്ന് പണം കണ്ടെത്തിയത്.
ആരെ കാണാനാണ് എത്തിയതെന്നോ പണം എന്തിനാണെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇയാൾ പ്രതികരിച്ചില്ല. തുടർന്ന് വിധാൻ സൗധ പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, പൊതുമരാമത്ത് മന്ത്രിക്ക് നൽകാനാണ് പണമെത്തിച്ചതെന്നും സർക്കാർ അഴിമതിയിൽ കുളിച്ചെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
മറ്റു കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കളും സമാന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായി അന്വേഷിക്കുമെന്നും കോൺഗ്രസിന്‍റെ ആരോപണം അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി സി.സി. പാട്ടീലും ആരോപണം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.