ബംഗളൂരു: ബി.എസ്. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അഭിപ്രായ വ്യത്യാസങ്ങളേതുമില്ലാതെയായിരുന്നു ബസവരാജ് ബൊമ്മയുടെ സ്ഥാനാരോഹണം. കർണാടകയിൽ ലിംഗായത്ത് രാഷ്ട്രീയത്തിൽ ചുറ്റിപ്പറ്റി ബി.ജെ.പി കരു ഉറപ്പിക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനം.
ലിംഗായത്ത് സമുദായത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനിക്കാൻ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയാകേണ്ടതെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റുകയും ചെയ്തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയിൽ എതിർപ്പറിയിച്ച ലിംഗായത്ത് മഠാധിപതികൾ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്ഥാനത്തോടെ അടങ്ങുകയായിരുന്നു. ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ലിംഗായത്ത് സമുദായം വാശിപിടിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയിൽ 16 ശതമാനമാണ് ലിംഗായത്ത് സമുദായം. അതിനാൽ തന്നെ കർണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തിേന്റതാണ്. ലിംഗായത്ത് നേതാവ് എന്നതോടൊപ്പം യെദിയൂരപ്പയോട് ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക് തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, പാർലമെന്‍ററി കാര്യം എന്നിവ കൈകാര്യം ചെയ്തത് 61കാരനായ ബൊമ്മൈയായിരുന്നു.
പ്രഫഷനിൽ മെക്കാനിക്കൽ എൻജിനീയറാണ് ബൊമ്മൈ. പുണെയിലെ ടെൽകോ കമ്പനിയിലാണ് കരിയറിന്‍റെ തുടക്കം. ശേഷം ടാറ്റാ മോട്ടോർസിലെ എൻജിനീയറായി. പിന്നീട് ജനതാ ദൾ യുനൈറ്റഡിലൂടെ (ജെ.ഡി.യു) രാഷ്ട്രീയത്തിലേക്കിറങ്ങി. 1995ൽ ജെ.ഡി.യുവിന്‍റെ ജനറൽ സെക്രട്ടറി പദത്തിലെത്തി. 1996ൽ മുഖ്യമന്ത്രി ജെ.എച്ച്. പേട്ടലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു. 1998ൽ കർണാടക നിയമസഭയിൽ അംഗമായി. 2004ൽ ധാർവാഡിൽനിന്നും മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. ജെ.ഡി.യുവിൽനിന്ന് 2008ലാണ് ബൊമ്മൈയുടെ ബി.ജെ.പി പ്രേവശനം.
പിന്നീട് ഷിഗ്ഗോണിൽനിന്ന് മൂന്നുതവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2008, 2013, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇത്. മുൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പും ബൊമ്മൈ കൈകാര്യം ചെയ്തു.
ഇപ്പോൾ, പിതാവിന്‍റെ പാതയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരിക്കുകയാണ് ബൊമ്മൈ. കർണാടക മുഖ്യമന്ത്രി എസ്.ആർ. ബൊമ്മൈയുടെ മകനാണ് ബസവരാജ ബൊമ്മൈ. പിതാവിൽനിന്നായിരുന്നു രാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങൾ അദ്ദേഹം കരസ്ഥമാക്കിയത്. ബി.ജെ.പി പ്രത്യയശാസ്ത്രത്തിന്റെ അടിവേരുകളില്ലാത്ത ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകും ബൊെമ്മെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.