ന്യൂഡൽഹി: ഏറെ നിർണായകമായ വിധിയിൽ 2014 സെപ്റ്റംബർ ഒന്നിന് ശേഷം സർവീസിലുള്ള മുഴുവൻ തൊഴിലാളികൾക്കും 1995ലെ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ (ഇ.പി.എസ്) ചേരാമെന്നും ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിഹിതം എത്രയും അടക്കാമെന്നും സുപ്രീംകോടതി വിധിച്ചു. ഇവ രണ്ടിനും സുപ്രീംകോടതി നാല് മാസം സമയം നൽകി. പെൻഷൻ തുക നിശ്ചയിക്കുന്നതിനുള്ള 15,000 രൂപ ശമ്പളപരിധി ഇതോടെ ഇല്ലാതായി.
കൂടുതൽ അടക്കുന്ന തുകയുടെ 1.16 ശതമാനം ജീവനക്കാർ തന്നെ അടക്കണമെന്ന വ്യവസ്ഥ നിലവിലുള്ള നിയമപ്രകാരം അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചു. അതേസമയം ആവശ്യമായ നിയമനിർമാണത്തിലുടെ കൂടുതൽ അടക്കുന്ന തുകയുടെ 1.16 ശതമാനം ജീവനക്കാരിൽ നിന്ന് തന്നെ പിടിക്കാനോ മറ്റു വഴികൾ കണ്ടെത്താനോ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് ആറ് മാസം സാവകാശം നൽകി. ഇതിനായി കോടതി ഉത്തരവിലെ ഈ ഭാഗം ആറു മാസത്തേക്ക് മരവിപ്പിച്ചു നിർത്തി.
എന്നാൽ, അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കി പെൻഷൻ കണക്കാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പകരം കേന്ദ്ര സർക്കാർ നിർദേശിച്ചതുപോലെ അവസാന 60 മാസത്തെ (അഞ്ചു വർഷം) ശമ്പളത്തിന്റെ ശരാശരി നോക്കി പെൻഷൻ തുക കണക്കാക്കുമെന്ന് വിധിച്ചു.
1952ലെ പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളിലുള്ളവർക്കും ഇ.പി.എസിൽ ചേരാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ജീവനക്കാർക്കിടയിൽ വിവേചനം പാടില്ലെന്ന് വിധിച്ചു. 2014ൽ കേന്ദ്ര സർക്കാർ പദ്ധതിയിൽ വരുത്തിയ ഭേദഗതികൾ നിയമപരമാണെന്ന് വിധിച്ച ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് തൊഴിലാളികൾക്ക് അനുകൂലമായ മറ്റു ചില മാറ്റങ്ങളും നിർദേശിച്ചു. ഇതോടെ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ തൊഴിലാളികൾക്ക് ലഭിക്കാൻ സാധ്യതയേറി.
കേന്ദ്ര സർക്കാർ 2014ൽ കൊണ്ടുവന്ന നിയമഭേദഗതിക്ക് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കുകയുള്ളൂ എന്ന വിവാദ വ്യവസ്ഥ കോടതി മാറ്റി. ചേരാൻ കഴിയാത്തവർക്കും പെൻഷൻ പദ്ധതിയിൽ ആവശ്യമെങ്കിൽ ചേരാനും ചേർന്നവർക്ക് വിഹിതം കൂട്ടാനും നാലു മാസം കൂടി അനുവദിച്ചു.
നിയമത്തിലെ 11(3) വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് പെൻഷൻ പദ്ധതിയിൽ ചേരാതെ വിരമിച്ചവർ പദ്ധതിക്ക് പുറത്തായെന്നും ഇപ്പോൾ നൽകുന്ന അവസരത്തിന്റെ പ്രയോജനം അവർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി തുടർന്നു. എന്നാൽ പദ്ധതിയിൽ ചേരാൻ ഒപ്ഷൻ കൊടുത്തശേഷം വിരമിച്ചവർക്ക് നിയമഭേദഗതി വരുന്നതിന് മുമ്പുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി ആനുകൂല്യങ്ങൾ ലഭിക്കും.
ശമ്പളത്തിനും തൊഴിലാളികൾ നൽകുന്ന വിഹിതത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈകോടതിയുടെ 2018ലെ വിധിക്കെതിരെ ഇ.പി.എഫ്.ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീലുകളാണ് ചീഫ ജസ്റ്റിസിന് പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷൂ ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീ(ഇ.പി.എസ്)മിലെ ചില വ്യവസ്ഥകളിൽ 2014ൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിയാണ് കേരള, രാജസ്ഥാൻ ഹൈകോടതികൾ തൊഴിലാളികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പെൻഷൻകാരുടെ ഒട്ടേറെ സംഘടനകൾ കേസിൽ കക്ഷിചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.