ന്യൂഡൽഹി: റിട്ടയർമെന്റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒയുടെ ജൂലൈ 29, 30 തീയതികളിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം രൂപീകരിക്കുന്നതിനുള്ള നിർദേശം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി 73 ലക്ഷത്തിലധികം വരുന്ന പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് പെൻഷനെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ 138ലധികം വരുന്ന പ്രാദേശിക ഓഫിസുകൾ വഴിയാണ് അവരുടെ മേഖലയിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ വിതരണം ചെയ്യുന്നത്. ഇതുമൂലം വിവിധ മേഖലാ ഓഫിസുകളിലെ പെൻഷൻകാർക്ക് വ്യത്യസ്ത സമയങ്ങളിലോ ദിവസങ്ങളിലോ ആയിരിക്കും പെൻഷൻ ലഭിക്കുക.
കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നിർദേശം ഇ.പി.എഫ്.ഒയുടെ പരമോന്നത ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്(സി.ബി.ടി) പരിഗണനക്കെടുത്തിട്ടുണ്ടെന്നും ജൂലൈ 29, 30 തീയതികളിലെ യോഗത്തിൽ ഇത് തീരുമാനമാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി പറയുന്നു.
രാജ്യത്തെ 138ലധികം റീജ്യനൽ ഓഫിസുകളുടെ സെൻട്രൽ ഡാറ്റാബേസ് ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുമെന്നും 73 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് ആനുകൂല്യം ക്രെഡിറ്റ് ചെയ്യാൻ ഇത് സഹായിക്കും.
ആദ്യഘട്ട പ്രവർത്തനത്തിനുശേഷം സുഗമമായ സേവന വിതരണം സാധ്യമാക്കാൻ ഘട്ടം ഘട്ടമായി ഒരു കേന്ദ്രീകൃത ഡാറ്റാബേസ് തയാറാക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതുകൂടാതെ പെൻഷൻ അക്കൗണ്ടിലേക്ക് ആറ് മാസത്തിൽ താഴെ മാത്രം സംഭാവന ചെയ്ത പി.എഫുകാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കുന്നതിനുള്ള നിർദേശവും പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.