രൺദീപ് സിങ് സുർജേവാല

ബ്രിട്ടീഷുകാർക്ക് പോലും കോൺഗ്രസിന്‍റെ ശബ്ദം അടിച്ചമർത്താൻ സാധിച്ചിട്ടില്ല; രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ രൺദീപ് സിങ് സുർജേവാല

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് പിന്തുണച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല.

കോൺഗ്രസിനെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ല. സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസിന്റെ ശബ്ദം അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ഈ സർക്കാരിന് കഴിയുകയെന്ന് സുർജേവാല ചോദിച്ചു. പ്രതിഷേധ മാർച്ച് തടയുന്നതിനായി ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയ സർക്കാർ നടപടിയെ സുർജെവാല രൂക്ഷമായി വിമർശിച്ചു. സർക്കാർ തങ്ങളെ ഭയപ്പെടുന്നു എന്നതിന്‍റെ തെളിവാണ് ഡൽഹി മുഴുവൻ ബാരിക്കേഡുകൾ വെച്ച് തടഞ്ഞത്. ഞങ്ങൾ ഗാന്ധിയുടെ പാത പിന്തുടർന്ന് പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടും. 136 വർഷമായി കോൺഗ്രസ് സാധാരണക്കാരന്‍റെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.ഡി നടപടിയിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായി.. ഇ.ഡിയുടെ ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. സാമുദായിക ക്രമസമാധാന നിലയും സുരക്ഷ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും മുൻകൂട്ടി തീരുമാനിച്ച പ്രകാരം പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് പാർട്ടി വ്യക്തമാക്കി. കേസിൽ സോണിയ ഗാന്ധിക്കും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ചതിനാൽ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിനാൽ ജൂൺ 23ന് ഹാജരാകണമെന്ന് ഇ.ഡി നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - Even British couldn't suppress Congress's voice: Randeep Surjewala ahead of Rahul Gandhi's ED grilling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.