സാന്റ ക്ലാര (യു.എസ്): ദൈവത്തിനേക്കാൾ വിവരമുള്ളവരാണെന്ന് ധരിക്കുന്ന ചിലർ ഇന്ത്യയിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് ഉദാഹരണമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാലിഫോർണിയയിലെ സാന്റ ക്ലാരയിൽ ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് യു.എസ്.എ നടത്തിയ ‘മൊഹബത് കി ദുകാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഈ ആളുകൾക്ക് എല്ലാം അറിയാം എന്ന ധാരണയാണ്. അവർ ചരിത്രകാരന്മാരോട് ചരിത്രവും ശാസ്ത്രജ്ഞരോട് ശാസ്ത്രവും സൈനികരോട് യുദ്ധതന്ത്രവും വിശദീകരിക്കും -രാഹുൽ പരിഹസിച്ചു. ഒരാൾക്ക് എല്ലാം അറിയാനാകാത്തവിധം വലുതും കുഴഞ്ഞുമറിഞ്ഞതുമാണ് ലോകം. നിങ്ങൾ മോദിക്കൊപ്പം ദൈവത്തിനരികെ ഇരുന്നാൽ, പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മോദി ദൈവത്തോട് വിശദീകരിക്കുന്നത് കേൾക്കാം. താൻ എന്താണ് സൃഷ്ടിച്ചതെന്ന കാര്യത്തിൽ ദൈവത്തിനുതന്നെ ആശയക്കുഴപ്പമാകും- രാഹുലിന്റെ വാക്കുകൾ കേട്ട് സദസ്സിൽ കൂട്ടച്ചിരി പൊട്ടി.
അമേരിക്കയിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ വംശജരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. നിങ്ങൾ ഇന്ത്യയുടെ അംബാസഡർമാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിൽ പാവപ്പെട്ടവരും ന്യൂനപക്ഷ സമുദായാംഗങ്ങളും അരക്ഷിതരാണ്. ഇന്ത്യക്കാർ പരസ്പരം വെറുപ്പുള്ളവരല്ല. ഭരണസംവിധാനവും മാധ്യമങ്ങളും നിയന്ത്രിക്കുന്ന ചെറുവിഭാഗമാണ് വെറുപ്പിന്റെ കനൽ ആളിക്കത്തിക്കുന്നത്. വനിത സംവരണ ബില്ലിൽ കോൺഗ്രസിന് പൂർണമായും അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ചില ഖാലിസ്താൻ വാദികൾ ശ്രമിച്ചെങ്കിലും അവരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡ രാഹുലിനെ അനുഗമിച്ചു.
ത്രിദിന സന്ദർശനത്തിനായി രാഹുൽ ചൊവ്വാഴ്ചയാണ് യു.എസിലെത്തിയത്. ഇവിടെ അദ്ദേഹം ഇന്ത്യയിൽ വേരുള്ള അമേരിക്കക്കാരെയും യു.എസ് നേതാക്കളെയും കാണും. മറ്റൊരു പരിപാടിയിൽ സംസാരിക്കവേ, പ്രതിപക്ഷം ചേർന്നുനിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന് കർണാടക വിജയം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ മുന്നോട്ടുപോകാനായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.