കേന്ദ്രഭരണവും അനുബന്ധ അധികാരങ്ങളുമെല്ലാം കൈപ്പിടിയിലുണ്ടെങ്കിലും പ്രധാനമന്ത്രിയും പരിവാരങ്ങളും ഏറ്റവുമധികം ഭയക്കുന്നത് വംഗദേശത്തെ മമത ബന്ദോപാധ്യായ എന്ന 66കാരിയെയാണ്. കോവിഡ് മഹാമാരി നാശംവിതച്ച് ആയിരങ്ങളുടെ ജീവനെടുക്കുന്നതുപോലും ഗൗനിക്കാതെ, മമതയെ തോൽപിച്ച് കൊൽക്കത്ത പിടിച്ചടക്കാനുള്ള അടവുകളിൽ മുഴുകിയതും അതു കൊണ്ടുതന്നെ. അധികാരവും പണവും പൊലീസും മുതൽ പകർച്ചവ്യാധിയെപ്പോലും ആയുധമാക്കിയിട്ടും, മമത മൂന്നാം തവണയും ബംഗാൾ മുഖ്യമന്ത്രിയാവുന്നത് തടയാൻ അവർക്കായതുമില്ല.
ബംഗാൾ ജനതയുടെ പ്രിയപ്പെട്ട ദീദിയുടെ രാഷ്ട്രീയ ജീവിതത്തിെൻറ ഓരോ ദിവസവും പോരാട്ടങ്ങളുടേതായിരുന്നു. ജോഗമായ സ്കൂളിൽ വിദ്യാർഥിയായിരിക്കെ കോൺഗ്രസ് വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയ പ്രവേശം. തെരുവിൽ മർദിച്ചൊതുക്കാനായുന്ന പൊലീസുകാരെ വിരട്ടിപ്പായിക്കാനോ ജയപ്രകാശ് നാരായണെൻറ കാറിനു മുകളിൽ നൃത്തം ചവിട്ടാനോ തരിമ്പ് മടിയില്ലായിരുന്നു. മഹിള കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും വിവിധ സ്ഥാനങ്ങൾ വഹിക്കുന്നതിനിടെ 1984ൽ പാർലമെൻറിലേക്ക് ജയിച്ചുകയറി. ഒപ്പം, ഇടതുകോട്ടയായി മാറിയ ബംഗാളിലെ ശക്തമായ പ്രതിപക്ഷ സ്വരമായി.
1989ലെ കോൺഗ്രസ് വിരുദ്ധ തരംഗത്തിൽപെട്ട് പരാജിതയായെങ്കിലും 1991ൽ വീണ്ടും ലോക്സഭയിലെത്തി. അക്കുറി നരസിംഹറാവു മന്ത്രിസഭയിൽ കായിക-യുവജന ക്ഷേമ സഹമന്ത്രിയായി. ചെറിയ സ്ഥാനങ്ങൾകൊണ്ട് അന്നേ തൃപ്തയല്ലാത്തതിനാൽ പാർട്ടിയോടും സർക്കാറിനോടും കലഹിച്ചു, 1993ൽ മന്ത്രിസ്ഥാനവും '97ൽ കോൺഗ്രസ് അംഗത്വവും രാജിവെച്ചു. ഇടതുപക്ഷത്തെ തകർത്ത് ബംഗാൾ ഭരണംപിടിക്കാൻ തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചു.
തുടർന്ന് അഞ്ച് പൊതു തെരഞ്ഞെടുപ്പുകളിലും ലോക്സഭയിലെത്തി. ബി.ജെ.പിക്കൊപ്പം ചേർന്ന് റെയിൽവേ, കൽക്കരി വകുപ്പുകൾ കൈയാളി. ഇടക്ക് പിണങ്ങി, വീണ്ടും ഇണങ്ങി, ഒരുവേള കോൺഗ്രസിനൊപ്പം കൂടി, വീണ്ടും തെറ്റി. കാരണങ്ങൾ ഏറെയും ബാലിശമായിരുന്നു. പക്ഷേ വാശിക്കാരിയായ മമതക്ക് അതിനെല്ലാം ഉറച്ച ന്യായീകരണങ്ങളുണ്ടായിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട പ്രമേയം സ്പീക്കർ സോംനാഥ് ചാറ്റർജി അനുവദിച്ചില്ലെന്നാരോപിച്ച് രാജിക്കത്ത് എറിഞ്ഞുകൊടുത്ത് 2006ൽ ലോക്സഭ വിട്ടിറങ്ങി.
അത് മമതയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു, ബംഗാൾ രാഷ്ട്രീയത്തിെൻറയും. ഇടതു സർക്കാർ സിംഗൂരിലും നന്ദിഗ്രാമിലും കർഷകരെ കുടിയിറക്കാൻ ഒരുമ്പട്ടതിനെതിരെ പ്രക്ഷോഭങ്ങൾക്ക് മുന്നിട്ടിറങ്ങി. കുടിയിറക്കുനീക്കം 34 വർഷം നീണ്ട ഇടതുഭരണത്തിെൻറ അസ്ഥിവാരമിളക്കി. 2011ൽ ബംഗാൾ മുഖ്യമന്ത്രിയായി.
2016ൽ വീണ്ടും മുഖ്യമന്ത്രി. ശാരദ മുതൽ നാരദ വരെ നിരവധി വിവാദങ്ങളും ആരോപണങ്ങളുമുണ്ടായി .പാർട്ടി സ്ഥാപിക്കാൻ ഒപ്പമുണ്ടായിരുന്ന മുകുൾ റോയിയെ മുതൽ നന്ദിഗ്രാം പ്രക്ഷോഭകാലം മുതൽ സഹകാരിയായിരുന്ന സുവേന്ദു അധികാരിയെവരെ അടർത്തി ഒപ്പം ചേർക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. എന്നാൽ, അതുകൊണ്ടൊന്നും മമതയെ തളർത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.