മണിപ്പൂരിൽ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയിൽ

ഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാങ്പോക്പി ജില്ലയിലെ മോട്ബങ് സ്വദേശിയായ ലാൽബോയ് മേറ്റിന്റെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ സെക്മായ് പ്രദേശത്ത് തിങ്കളാഴ്ച കണ്ടെത്തിയത്. അസം റെജിമെന്റിൽ ഹവിൽദാറായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രി കാറിൽ കുക്കി- മെയ്തേയി സംഘർഷബാധിത പ്രദേശത്ത് എത്തിയതായിരുന്നു.

രാവിലെ മൃതദേഹം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചു. അക്രമി സംഘം ക്രൂരമായി മർദിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. അക്രമികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ജിരിബാമിൽ ശനിയാഴ്ച കൊല്ലപ്പെട്ട അഞ്ചുപേരെയും തിരിച്ചറിഞ്ഞു. മൂന്നുപേർ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരും ഒരാൾ സന്നദ്ധ പ്രവർത്തകനും മറ്റൊരാൾ വയോധികനുമാണ്. ഉറങ്ങിക്കിടക്കുമ്പോൾ വെടിയേറ്റാണ് ഒരാൾ മരിച്ചത്. മറ്റു നാലുപേർ ഇരുസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലും.

മണിപ്പൂരിൽ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി. സെക്രട്ടേറിയറ്റിനും രാജ്‍ഭവനും മുന്നിൽ ധർണ നടത്തിയ വിദ്യാർഥികൾ എം.എൽ.എമാർ രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കി. പിന്നീട് മുഖ്യമന്ത്രി ബിരേൻ സിങ്ങിനെയും ഗവർണർ ലക്ഷ്മൺ ആചാര്യയെയും സന്ദർശിച്ച വിദ്യാർഥി നേതാക്കൾ ഡി.ജി.പിയെയും സംസ്ഥാന സർക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റണമെന്നതടക്കം ആറ് ആവശ്യങ്ങൾ ഉന്നയിച്ചു. സംഘർഷം നിയന്ത്രിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടുവെന്ന് നേതാക്കൾ ആരോപിച്ചു.

ഏതാനും ദിവസം മുമ്പ് തുടങ്ങിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ സംസ്ഥാനത്ത് എട്ടുപേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  

Tags:    
News Summary - Ex-serviceman killed in Manipur: Students' secretariat march demanding protection from drone and missile attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.