ന്യൂഡൽഹി: രാജസ്ഥാൻ സ്വദേശികളായ മുസ്‍ലിം യുവാക്കളെ പശുക്കടത്താരോപിച്ച് തീവ്രഹിന്ദുത്വവാദികളായ ബജ്രംഗ് ദളുകാർ ചുട്ടുകൊന്ന് ഒരാഴ്ച പിന്നിട്ടിട്ടും അവരുടെ കുടുംബത്തെ സന്ദർശിക്കാത്ത മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ‘ബ്രേക്കിങ്: ജുനൈദിന്റെയും നസീറിന്റെയും കുടുംബത്തെ അശോക് ഗെഹ്ലോട്ട് കണ്ടതിന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോ’ എന്ന അടിക്കുറിപ്പോടെ വെള്ള പ്രതലത്തിന്റെ ഫോട്ടോയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അശോക് ഗെഹ്ലോട്ടിനെ ട്വീറ്റിൽ ഉവൈസി ടാഗ് ചെയ്തിട്ടുമുണ്ട്.
രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ നാസിർ (25), ജുനൈദ് (35) എന്നിവരെ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഭീവാനിയിൽ ബൊലെറോ കാറിലിട്ട് കത്തിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഹരിയാന- രാജസ്ഥാൻ അതിർത്തിയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇരുവരും അക്രമത്തിനിരയായത്. വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ പ്രവർത്തകരാണ് തട്ടിക്കൊണ്ടുപോയത്.
കൊലപാതകികളിൽ മൂന്നുപേർ ഹരിയാന പൊലീസിന്റെ ഇൻഫോർമാൻമാരാണെന്ന വിവരം പുറത്തുവന്നിരുന്നു. പ്രതികളായ റിങ്കു സൈനി, ലോഷേക് സിങ്കള, ശ്രീകാന്ത് എന്നിവരാണ് കാലിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവരാണെന്ന് എഫ്.ഐ.ആറിൽ പറയുന്നത്. മോഹിത് യാദവ് എന്ന മോനു മനേസർ, അനിൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
BREAKING: Exclusive photo of @ashokgehlot51 meeting Junaid’s & Nasir’s family pic.twitter.com/oXV5TGWj9X
— Asaduddin Owaisi (@asadowaisi) February 21, 2023
സംഭവത്തിൽ ഇരകളുടെ കുടുംബത്തിന് നിയമ സഹായം നൽകുമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് അറിയിച്ചിരുന്നു. ജംഇയ്യത്ത് സെക്രട്ടറി ജനറൽ മൗലാന ഹകീമുദ്ദീൻ ഖാസിമി കുടംബത്തെ നേരിൽ സന്ദർശിച്ചാണ് ഇരകളുടെ കുടുംബത്തിന് നിയമപോരാട്ടത്തിനുള്ള പിന്തുണ ഉറപ്പുനൽകിയത്. അതിക്രൂരമായ കൊലപാകതകത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‍ലാമിയും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ പശു ഗുണ്ടകൾക്ക് ഹരിയാന സർക്കാറും പൊലീസും സംരക്ഷണം നൽകുന്നതായി ആരോപിച്ചിരുന്നു. കേസിൽ രാജസ്ഥാൻ പൊലീസിന്റെ പങ്ക് രാജസ്ഥാൻ സർക്കാർ അന്വേഷിക്കണമെന്നും അക്രമികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തി ഉടനടി നടപടി എടുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.