‘മുസ്‌ലിംകളെ ഒഴിവാക്കുന്നു’: സി.എ.എ നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് മതസ്വാതന്ത്ര്യ കമീഷൻ

ന്യൂയോർക്ക്: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെ വിജ്ഞാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് കമീഷൻ ഓൺ ഇന്‍റർനാഷനൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്). മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കരുതെന്ന് കമീഷൻ വ്യക്തമാക്കി.

2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. നിയമത്തിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് ഇന്ത്യയിൽ അഭയം തേടുന്നവർക്ക് സി.എ.എ ഒരു മതപരമായ ഭിന്നത വ്യക്തമാക്കുന്നുവെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമീഷണർ സ്റ്റീഫൻ ഷ്‌നെക്ക് പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് നിയമം യഥാർഥത്തിൽ ലക്ഷ്യമിടുന്നതെങ്കിൽ അതിൽ ബർമയിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്‌ലിംകളും പാകിസ്താനിൽ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹസാര ഷിയയും ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വമില്ലായ്മയുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുകയും മനുഷ്യാവകാശങ്ങളെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യ സി.എ.എയെ പ്രതിരോധിച്ചു. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യയുടെ മനുഷ്യാവകാശ രേഖയെക്കുറിച്ച് പ്രതികരിക്കാൻ യു.എസ്‌.സി.ഐ.ആർ.എഫിന്‍റെ ലോക്കസ് സ്റ്റാൻഡിയെ ഇന്ത്യ നേരത്തെ തള്ളിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രാധീർ ജയ്‌സ്വാൾ പറഞ്ഞു.

സി.എ.എ പാസാക്കിയതിന് ശേഷം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യൻ പൗരത്വത്തിനായി ഒരു മതപരീക്ഷ സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സി.എ.എയെന്നും ഇത് ഇന്ത്യൻ മുസ്‌ലിംകളുടെ വ്യാപകമായ അവകാശ നിഷേധത്തിന് കാരണമാകുമെന്നും വിമർശകർ വാദിക്കുന്നു. നിയമത്തിന് ആംനസ്റ്റി ഇന്‍റർനാഷനൽ പോലുള്ള മനുഷ്യാവകാശ സംഘടനകളിൽ നിന്നും വ്യാപകമായ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്

Tags:    
News Summary - ‘Explicitly excludes Muslims’: US religious freedom commission on CAA rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.