ന്യൂഡൽഹി: അമേരിക്കയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിനുവേണ്ടി പ്രചാരണം നടത്തി വിവാദത്തിലകപ്പെട്ട കൺസൽട്ടൻസി സ്ഥാപനമായ കേംബ്രിജ് അനലിറ്റികയെ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് സമീപിച്ചുവെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെറ്റായ മാർഗങ്ങളുപയോഗിച്ചതായി നിരവധി രാജ്യങ്ങളിൽനിന്ന് പരാതി നേരിട്ട കമ്പനിയെ രാഹുൽ ഗാന്ധി ബ്രഹ്മാസ്ത്രമായി ഉപയോഗിക്കുമെന്നാണ് മാധ്യമവാർത്തകളെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ നടത്തിയതുപോലെ ഡാറ്റ ദുരുപയോഗത്തിന് ശ്രമിച്ചാൽ ഫേസ്ബുക്ക് മേധാവി സുക്കർബർഗും കേംബ്രിജ് അനലിറ്റികയും നടപടി നേരിടേണ്ടിവരുമെന്ന്് മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ, 2010 മുതൽ ഇവരുമായി സഹകരിക്കുന്നത് ബി.ജെ.പിയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 2010ൽ ഇവരുടെ സഹായത്തോടെ ബിഹാറിലും തുടർന്ന് ഡൽഹിയിലും തെരഞ്ഞെടുപ്പ് നേരിട്ട ബി.ജെ.പി സ്വന്തം തെറ്റ് മറച്ചുവെക്കാനാണ് ആരോപണവുമായി ഇറങ്ങിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
കേംബ്രിജ് അനലിറ്റിക വിവാദം
ബ്രിട്ടൻ ആസ്ഥാനമായ കേംബ്രിജ് അനലിറ്റിക എന്ന സ്ഥാപനം ട്രംപിെൻറ പ്രചാരണത്തിനായി ഫേസ്ബുക്ക് അക്കൗണ്ടുള്ള അഞ്ചുകോടി പേരുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് കഴിഞ്ഞ ദിവസം ആരോപണമുയർന്നത്. ഇതേതുടർന്ന് യു.എസ് വിപണിയിൽ ഫേസ്ബുക്ക് ഒാഹരിവില കുത്തെന ഇടിഞ്ഞിരുന്നു. ഒറ്റ ദിവസംകൊണ്ട് രണ്ടരലക്ഷം കോടി രൂപക്കടുത്താണ് കമ്പനിയുടെ വിപണിമൂല്യം കൂപ്പുകുത്തിയത്. സംഭവത്തെതുടർന്ന് കേംബ്രിജ് അനലിറ്റികയെ ഫേസ്ബുക്കിൽനിന്ന് സസ്പെൻഡ് ചെയ്യുകയും വിവാദം അന്വേഷിക്കാൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ സ്ട്രോസ് ഫ്രീഡ്ബർഗിനെ ഫേസ്ബുക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യു.എസിലെയും യു.കെയിലെയും രാഷ്ട്രീയ നേതാക്കൾ ഫേസ്ബുക്കിെൻറ സ്വകാര്യത ചട്ടങ്ങൾ ചോദ്യംചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.