ഷിംല: ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കാൻ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെയും പേരിൽ വ്യാജ ഇ പാസിന് അപേക്ഷിച്ച സംഭവത്തിൽ കേസ്. ഇരുവരുടെയും പേരുകളിൽ അനുവദിച്ച ഇ പാസിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഐ.ടി വകുപ്പ് പൊലീസിൽ പരാതി നൽകിയത്. തെറ്റായ വിവരങ്ങൾ കൈമാറി ഇ പാസിന് അപേക്ഷിച്ചുവെന്നാണ് പരാതി.
ഇരുവർക്കും സംസ്ഥാനത്ത് പ്രവേശിക്കാൻ എച്ച്.പി 2563825, എച്ച്.പി 2563287 എന്നീ നമ്പറുകളിലാണ് പാസുകൾ. രണ്ടു പാസുകളിലും ഒരേ ഫോൺ നമ്പരാണ്. തിരിച്ചറിയൽ രേഖയായി ആധാർ കാർഡും.
ഇ പാസ് അപേക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഐ.ടി വകുപ്പ് പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് നടപടി. ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് ഇതിലൂടെ ലഭിക്കുകയെന്ന് ഷിംല പൊലീസ് പറഞ്ഞു.
ട്രംപിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത ഇ പാസ് അപേക്ഷയിൽ ഛണ്ഡീഗഡിലെ സെക്ടർ 17ലെ സുന്നിയിൽ പ്രവേശിക്കണമെന്നാണ് ആവശ്യം. ബച്ചേന്റതിലും സെക്ടർ 17 ഷിംലയിൽ പ്രവേശിക്കണമെന്നുതന്നെയാണ് ആവശ്യം. ഇരുപാസുകൾക്കും ഒരാൾ തന്നെയാണ് അപേക്ഷിച്ചതെന്നാണ് നിഗമനം.
ഡോണൾഡ് ട്രംപിന്‍റെ പിതാവിന്‍റെ പേരിന്‍റെ സഥാനത്ത് മാർക്ക് ജോൺസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പർകാശ് ശർമയെ കാണണമെന്നാണ് ആവശ്യം. ബച്ചന്‍റെ പാസിൽ ഹർബൻസ് റായ് ബച്ചൻ എന്ന പിതാവിന്‍റെ പേര് രേഖപ്പെടുത്തുകയും രാജീവ് സെഹ്ജലിന് കാണണമെന്ന ആവശ്യയും രേഖപ്പെടുത്തിയിട്ടുണ്ട്. മേയ് ഏഴുവരെയാണ് പാസ് അനുവദിച്ചത്.
കോവിഡ് സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കിയിരുന്നു. തുടർന്ന് നിരവധി അപേക്ഷകളും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.