മംഗളൂരു: മടിക്കേരിയിലെ ശനിവരസന്തേയിൽ മുസ്ലിം സ്ത്രീകൾ കുറച്ചുദിവസങ്ങൾക്കുമുമ്പ് നടത്തിയ സമരത്തിൽ 'അംബേദ്കർ സിന്ദാബാദ്' എന്നു വിളിച്ച് പ്രതിഷേധിക്കുന്ന വിഡിയോ എഡിറ്റ് ചെയ്ത് 'പാകിസ്താൻ സിന്ദാബാദ്' എന്ന് വരുത്തി പ്രചരിപ്പിച്ചതിന് മൂന്ന് സംഘ്പരിവാർ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ശനിവരസന്തേ ഗ്രാമപഞ്ചായത്ത് അംഗം രഘു, പത്രപ്രവർത്തകൻ ഹരീഷ്, കുശാൽ നഗർ സ്വദേശി ഗിരീഷ് എന്നിവരാണ് വിഡിയോ പ്രചരിപ്പിച്ചത്. പ്രതിഷേധത്തിനിടെ മുസ്ലിം സ്ത്രീകൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുസ്ലിംകൾ ഹിന്ദു സംഘടനകളെ അടിച്ചമർത്തുന്നത് തുടരുകയാണെന്നും കഴിഞ്ഞ നവംബർ 15ന് ശനിവരസന്തേയിൽ ബന്ദ് ആചരിക്കാനും ഇവർ സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ മുസ്ലിം സ്ത്രീകൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം മൂന്നു പ്രതികൾക്കെതിരെ ശനിവരസന്തേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വ്യാജ വിഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റക്കാർക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിൽ നിരവധി സംഘടനകൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.