ഭുവനേശ്വർ: ഒഡിഷയിൽ കനത്ത നാശംവിതച്ച േഫാനി ചുഴലിക്കാറ്റിൽ മരിച്ചവർ 16 ആയി. കനത്ത മഴയും ചുഴലിക്കാറ്റും നാശംവിതച്ച സംസ്ഥാനത്തെ 10,000 ത്തോളം ഗ്രാമങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസപ്രവർത്തനം നടക്കുകയാണ്. അതേസമയം, ശനിയാഴ്ച പശ്ചിമ ബംഗാളിലേക്കു നീങ്ങിയ ചുഴലിക്കാറ്റ് ശക്തികുറഞ്ഞതിനാൽ നാശനഷ്ടങ്ങൾ ഒഴിവായി.
ഒഡിഷയിൽ 200 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത് പുരി ജില്ലയിലാണ്. ഇവിടെ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ വ്യാപകമായി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച സംസ്ഥാനത്താകെ എട്ടു മരണമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ശനിയാഴ്ച 12 ആയി ഉയർന്നു.
ഇതിൽ നാലുപേർ ബാരിപാഡയിൽ കടപുഴകിയ മരങ്ങൾക്കടിയിൽപെട്ടാണ് മരിച്ചതെന്ന് മയൂർബഞ്ച് ജില്ല ദുരന്തനിവാരണ ഓഫിസർ എസ്.കെ. പതി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും റിപ്പോർട്ടുകൾ ഔദ്യോഗികമായി ഇനിയും ലഭ്യമായിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ പാടെ താറുമാറായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ടെലിഫോൺ ബന്ധവും പുനഃസ്ഥാപിച്ചുവരുകയാണ്.
ബംഗ്ലാദേശിൽ 14 മരണം
ധാക്ക: ഒഡിഷയെ ദുരിതത്തിലാക്കിയ ഫോനി ചുഴലിക്കാറ്റ് ബംഗാളും കടന്ന് ബംഗ്ലാദേശിലെത്തിയപ്പോൾ വീണ്ടും ശക്തിപ്രാപിച്ചു. ശനിയാഴ്ച ശക്തമായി വീശിയ കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടു വയസ്സുള്ള കുഞ്ഞും നാലു സ്ത്രീകളുമടക്കം 14 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശിെൻറ തീര ജില്ലകളിലെ 36 ഗ്രാമങ്ങളിലെ 16 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.