ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഉൾപ്പെടെ കാലാവധി കഴിയുന്ന അഞ്ച് മലയാളി എം.പിമാർ അടക്കം 72 എം.പിമാർക്ക് രാജ്യസഭ കൂട്ടത്തോടെ യാത്രയയപ്പ് നൽകി. ആന്റണിക്ക് പിറകെ കേരളത്തിൽനിന്നുള്ള എം.പിമാരായ സോമ പ്രസാദ് (സി.പി.എം), എം.വി. ശ്രേയാംസ് കുമാർ (ലോക്താന്ത്രിക് ജനതാദൾ) എന്നിവരും രാജസ്ഥാനിൽനിന്നും ബി.ജെ.പി രാജ്യസഭയിലെത്തിച്ച അൽഫോൻസ് കണ്ണന്താനം, നാമനിർദേശം ചെയ്ത് വന്ന് പിന്നീട് ബി.ജെ.പി എം.പിയായി മാറിയ സുരേഷ് ഗോപി എന്നിവരാണ് അടുത്ത മൂന്നു മാസത്തിനകം വിരമിക്കുന്ന അഞ്ചു മലയാളികൾ. രാജ്യസഭയുടെ ചരിത്രത്തിൽ അപൂർവമായ വൻ യാത്രയയപ്പിനു ശേഷം ചെയർമാൻ വെങ്കയ്യ നായിഡു തന്റെ ഔദ്യോഗിക വസതിയിൽ എം.പിമാർക്ക് അത്താഴ വിരുന്നും കലാ വിരുന്നുമൊരുക്കി.
കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, മുഖ്താർ അബ്ബാസ് നഖ്വി, ബി.ജെ.പിയിൽ വിമത സ്വരം ഉയർത്തുന്ന സുബ്രഹ്മണ്യം സ്വാമി, കോൺഗ്രസിന്റെ രാജ്യസഭ ഉപ നേതാവ് ആനന്ദ് ശർമ, ചീഫ് വിപ്പ് ജയറാം രമേശ്, മുൻ കേന്ദ്ര മന്ത്രിമാരായ പി. ചിദംബരം, കപിൽ സിബൽ, നോമിനേറ്റഡ് അംഗങ്ങളായ മേരി കോം, നരേന്ദ്ര ജാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ എന്നിവർ വിരമിക്കുന്ന എം.പിമാരിൽപ്പെടും.
വ്യാഴാഴ്ച സഭാരേഖകൾ മേശപ്പുറത്ത് വെച്ച ശേഷം മറ്റ് അജണ്ടകളൊന്നുമില്ലാതെ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു നേരെ യാത്രയയപ്പ് ചടങ്ങിലേക്ക് കടന്നു. ചെയർമാൻ വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ തുടങ്ങിയവരെല്ലാം ആന്റണിയുടെ സേവനങ്ങളെ പ്രശംസിച്ചു. ബി.ജെ.പി -30, കോൺഗ്രസ് -13, ബിജു ജനതാദൾ, ഡി.എം.കെ, എ.ഐ.ഡി.എം.കെ, അകാലിദൾ എന്നിവയിൽനിന്ന് മൂന്നു വീതം, സി.പി.എം, ടി.ആർ.എസ്, ബി.എസ്.പി, എസ്.പി എന്നിവയിൽനിന്ന് രണ്ടു വീതം, എൽ.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, എൻ.സി.പി, ശിവസേന എന്നിവയിൽനിന്ന് ഒന്നു വീതം എന്നിങ്ങനെയാണ് അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുമ്പെ രാജ്യസഭയിൽനിന്ന് വിരമിക്കുന്നത്. ഇവരിൽ ചിലരെങ്കിലും തിരിച്ചുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.