ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്ച നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്‍റെ എല്ലാ എം.പിമാരും നേതാക്കളും അണിചേരുന്ന പ്രതിഷേധ മാർച്ചിൽ കാർഷിക നിയമങ്ങൾക്കെതിരെ രണ്ടുകോടി പേർ ഒപ്പുവെച്ച മൊമോറാണ്ടം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിക്കും.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന നിവേദനത്തിലേക്ക് രാജ്യമെമ്പാടുനിന്നും ഒപ്പുകൾ ശേഖരിച്ചു. ഡൽഹിയിൽ കൊടുംശൈത്യത്തിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 28 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് മാർച്ചിന്‍റെ ലക്ഷ്യം.
പാർലമെന്‍റ് കെട്ടിടത്തിന് സമീപത്തെ വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കായിരിക്കും രാഹുൽ ഗാന്ധിയും മറ്റു എം.പിമാരും മാർച്ച് നടത്തുക. ഒപ്പുശേഖരണത്തിനായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഒപ്പുശേഖരണ കാമ്പയിനുകൾ ആരംഭിച്ചിരുന്നു.
കാർഷിക നിയമങ്ങൾ കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനല്ലെന്നും മോദി സർക്കാറിന്‍റെ സുഹൃത്തുക്കളായ കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.