ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആന്ദോളൻ ജീവി' (സമര ജീവി) പരാമർശത്തിൽ മറുപടിയുമായി കർഷക നേതാക്കൾ. ബ്രിട്ടീഷുകാർക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുൻഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്പ്പോഴും സമരത്തിന് എതിരായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽനിന്ന് വേർപ്പെടുത്തിയത് ഇത്തരം സമര ജീവികളുടെ പ്രയത്നത്തിന്റെ ഫലമാണെന്ന് മോദിയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആന്ദോളൻ ജീവിയെന്ന് വിളിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബി.ജെ.പിയോ അവരുടെ മുൻഗാമികളോ ബ്രിട്ടീഷുകാർക്കെതിരെ സമര രംഗത്തുണ്ടായിരുന്നില്ല. അവർ എല്ലായ്പ്പോയും സമരക്കാർക്കെതിരായിരുന്നു. ഇപ്പോഴും സമരത്തിന് എതിരാണ്. സർക്കാറിന്‍റെ നിർബന്ധ ബുദ്ധിയാണ് രാജ്യത്ത് കൂടുതൽ സമര ജീവികളെ സൃഷ്ടിക്കുന്നതെന്നും കർഷക സംഘടനകൾ പറഞ്ഞു.
രാജ്യത്ത് പുതിയ വിഭാഗം സമര ജീവികൾ ഉദയം കൊണ്ടിട്ടുെണ്ടന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അഭിഭാഷകരുടെയോ തൊഴിലാളികളുടെയോ വിദ്യാർഥികളുടെയോ പ്രതിഷേധം എവിടെയുണ്ടോ അവിടെ ഇവരെ കാണാനാകും. സമരം ഇല്ലാതെ ഇവർക്ക് ജീവിക്കാൻ കഴിയില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദിപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.