ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡൽഹി ചലോ മാർച്ചി'ന് നേരെ പൊലീസിെൻറ ലാത്തിച്ചാർജ്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ടിക്രി, സിങ്കു അതിർത്തികളിലായിരുന്നു സംഘർഷം.
ഡൽഹിയിലെ അതിർത്തിയിൽ മാർച്ചുമായി എത്തിയ കർഷകർക്ക് നേരെ വെള്ളിയാഴ്ച രാവിലെയും പൊലീസിെൻറ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. കൂട്ടമായി എത്തിയ കർഷകരെ ബാരിക്കേഡുകൾ വെച്ച് തടയുകയും ഗ്രനേഡ് ഉൾപ്പെടെ എറിയുകയുമായിരുന്നു. പ്രായമായ നിരവധി കർഷകർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.
കർഷകർ ഡൽഹിയുടെ അതിർത്തിയായ സിങ്കുവിൽ പ്രതിഷേധം ശക്തമാക്കിയതോടെ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധം കനത്തതോടെ ബുരാരിയിലെ നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.
അതിർത്തികൾ കർഷകർ വളഞ്ഞതോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ട്രക്കുകളിൽ ഭക്ഷ്യവസ്തുക്കളും പുതപ്പുകളും അവശ്യവസ്തുക്കളുമായാണ് ഡൽഹിയിലേക്ക് കർഷകരുടെ മാർച്ച്. ഡൽഹി അതിർത്തി കടക്കാൻ അനുവദിക്കാതെ വന്നതോടെ കർഷകർ ട്രക്കുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ശൈത്യകാലത്തെ പോലും വകവെക്കാതെയാണ് കർഷകരുടെ പ്രതിഷേധം. പൊലീസ് കർഷകർക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതോടെ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് സൂചന.
തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കി. ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിത കാല സമരം തുടരാനാണ് കർഷകരുടെ തീരുമാനം.
അതേസമയം, കർഷകർ രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നതോടെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാനായിരുന്നു ഡൽഹി പൊലീസിെൻറ തീരുമാനം. ഒമ്പതോളം സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാനായിരുന്നു നീക്കം. എന്നാൽ പൊലീസിെൻറ ആവശ്യം അംഗീകരിക്കാൻ ഡൽഹി സർക്കാർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.