ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് കർഷകരുടെ 'ദില്ലി ചലോ' മാർച്ച് ഡൽഹിയെ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുകയാണ്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളിൽ പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. സമരം ഒഴിവാക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം, സമരത്തെ നേരിടാൻ കടുത്ത നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ വൻ സേനാ വിന്യാസം നടത്തിയ പൊലീസ്, കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും സ്ഥാപിച്ചിരിക്കുകയാണ്.
സമരം ചെയ്യുന്ന കർഷകരുടെ 10 ആവശ്യങ്ങൾ
- ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
- കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
- 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
- ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
- സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
- കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
- മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.
- 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക
- തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
- വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.