കർഷകർക്ക് ബി.ജെ.പിയിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യമില്ല - സുഖ്‌ബീർ സിങ്​ ബാദൽ

ചണ്ഡിഗഡ്: കർഷകർക്ക് ബി.ജെ.പിയിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ. കർഷകരെ ഖലിസ്താനികളെന്നും രാജ്യദ്രോഹികളെന്നും വിളിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികളെന്നും അദ്ദേഹം പറഞ്ഞു."ഈ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് നിങ്ങൾക്ക് വ്യക്തമായി കാണാനാവും, ഒരു രാഷ്ട്രീയ പാർട്ടിയും പരസ്യമായി പ്രതിഷേധ മുഖത്ത് അണിനിരന്നിട്ടില്ല?. രണ്ടാമതായി, പ്രായമായ സ്ത്രീകളും പങ്കെടുക്കുന്ന പ്രതിഷേധമാണിത്, അവർ ഖാലിസ്താനികളെപ്പോലെയാണോ? രാജ്യത്തെ കർഷകരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്ന വഴി ഇതൊക്കെയാണെന്ന് ബാദൽ പറഞ്ഞു.

'ഇത് രാജ്യത്തെ കർഷകർക്ക് വലിയ അപമാനമാണ്. അവർ നമ്മുടെ കർഷകരെ ദേശവിരുദ്ധർ എന്ന് വിളിക്കാൻ എത്രമാത്രം ധൈര്യപ്പെടുന്നു? ദേശവിരുദ്ധരായി ആരെയെങ്കിലും പ്രഖ്യാപിക്കാൻ ബി.ജെ.പിക്കോ മറ്റാർക്കോ അവകാശമുണ്ടോ? അവരിൽ നിന്ന് ആർക്കെങ്കിലും ഒരു സർട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടോ? കർഷകർ ഈ രാഷ്ട്രം കെട്ടിപ്പടുത്തു. അവർ ജനങ്ങളെ പരിപോഷിപ്പിച്ചു, ഇപ്പോൾ നിങ്ങൾ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നു. അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്ന ആളുകൾ തന്നെയാണ് യഥാർത്ത ദേശവിരുദ്ധർ' -അദ്ദേഹം കൂട്ടിച്ചേർത്തു.

'കർഷകർ ഉദ്ദേശിക്കുന്ന പോലെ ചർച്ചകൾ നടക്കുന്നില്ല. ഡൽഹിയിലേക്കുള്ള യാത്രയിൽ കർഷകരോട് പെരുമാറിയ രീതി നോക്കൂ. ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. നിങ്ങൾ അവരോട് മോശമായി പെരുമാറുമെന്ന് ഇതിനർത്ഥമില്ല. നിങ്ങൾ അവർക്കുനേരെ ലാത്തിചാർജ് പ്രയോഗിക്കുന്നു, അവരെ തടയുന്നു, അതൊക്കെ പിന്നിട്ടാണല്ലോ അവർ ഡൽഹിയിലെത്തിയത്'- ബാദൽ പറഞ്ഞു.

കർഷകരോടുള്ള കേന്ദ്ര സർക്കാറിന്‍റെ വഞ്ചന പൊറുക്കില്ലെന്ന് പ്രഖ്യാപിച്ചും പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പഞ്ചാബ് മുൻ മുഖ്യമന്ത്രി കൂടിയായ പ്രകാശ് സിംഗ് ബാദൽ തന്‍റെ പദ്മവിഭൂഷൺ പുരസ്കാരം തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015ൽ ഒന്നാം മോദി സർക്കാറിന്‍റെ കാലത്താണ് പ്രകാശ് സിങ് ബാദലിന് പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ പുരസ്കാരമാണ് പദ്മവിഭൂഷൺ. ബാദലിന്‍റെ പാർട്ടിയായ ശിരോമണി അകാലിദൾ നേരത്തെ എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്നു. കാർഷിക നിയമത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് അകാലിദൾ സഖ്യം വിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.