ന്യൂഡൽഹി: ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതോടെ അതിർത്തിയിലെ ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിച്ച് കർഷകർ. ഇത് പ്രകാരം സിംഘുവിലെ ടെന്‍റുകൾ കർഷകർ പൊളിച്ചുതുടങ്ങി. മറ്റന്നാൾ വിജയദിവസം ആഘോഷിച്ച് മടങ്ങാനാണ് തീരുമാനം. ഇതിന് മുന്നോടിയായി നാളെ സമരത്തിനിടെ മരിച്ച കർഷകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും.
ജനുവരി 15ന് അവലോകന യോഗം ചേരുമെന്നും സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. സിംഘുവിലും തിക്രിയിലുമുള്ള സമരകേന്ദ്രങ്ങളിൽ വിജയ മാർച്ച് നടത്തും.
മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി അടക്കം ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാമെന്നാണ് രേഖാമൂലം കേന്ദ്രം അറിയിച്ചത്. മിനിമം താങ്ങുവിലക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി നിയമ ഭേദഗതി ചർച്ചയില്ലാതെ നടപ്പാക്കില്ല എന്നാണ് നൽകിയിരിക്കുന്ന മറ്റൊരു ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.