ലഖ്നോ: കർഷക പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് വിളിച്ചുപറഞ്ഞ് ഉത്തർപ്രദേശ് തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് കർഷക മഹാപഞ്ചായത്ത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമപരമായ ഗാരൻറി അടക്കം ആറു പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് ലഖ്നോവിൽ കർഷകർ ഒത്തുചേർന്നത്. പ്രക്ഷോഭത്തിെൻറ ആദ്യ വിജയം മാത്രമാണ് മോദിയുടെ പ്രഖ്യാപനമെന്ന് പറഞ്ഞ എസ്.കെ.എം നേതാക്കൾ, മുന്നോട്ടുവെച്ച ഒേട്ടറെ ആവശ്യങ്ങളിൽ വളരെ കുറെച്ചണ്ണത്തിൽ മാത്രമേ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി.
ലഖിംപുർ ഖേരിയിൽ കർഷകരെ വണ്ടി കയറ്റി കൊന്ന സംഭവത്തിലെ പ്രതിയായ ആശിഷ് മിശ്രയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ഒട്ടുമിക്ക നേതാക്കളും ആവശ്യപ്പെട്ടു.
സർക്കാർ ഇതുവരെ കർഷകരുമായി സംസാരിച്ചിട്ടില്ലെന്നും നിയമം റദ്ദാക്കിയെന്നത് യഥാർഥ അർഥത്തിലാണെന്നത് തങ്ങളെ അറിയിക്കുകയാണെങ്കിൽ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാമായിരുന്നുവെന്നും ഭാരതീയ കിസാൻ മോർച്ച നേതാവ് രാകേശ് ടികായത് വ്യക്തമാക്കി.
യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന് കണ്ടുള്ള നീക്കമാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് രാഷ്ട്രീയ കിസാൻ മഞ്ച് അധ്യക്ഷൻ ശേഖർ ദീക്ഷിത് അഭിപ്രായപ്പെട്ടു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷകർ, സംയുക്ത കിസാൻ മോർച്ചയുടെ (എസ്.കെ.എം) കീഴിൽ നടത്തിയ മഹാപഞ്ചായത്തിൽ കക്ഷിഭേദമില്ലാതെ അണിനിരന്നത് കേന്ദ്ര സർക്കാറിനുള്ള മുന്നറിയിപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.