ന്യൂഡൽഹി: കനത്ത മഴയെയും നേരിടാൻ തയാറെടുത്ത് കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ. നാലു ദിവസമായി കനത്ത മഴയാണ് ഡൽഹിയിൽ പെയ്യുന്നത്. മഴ തുടരുന്നതോടെ പ്രക്ഷോഭ കേന്ദ്രങ്ങളുടെ വിപുലീകരണത്തിന് സമയം കെണ്ടത്തുകയാണ് ഓരോ കർഷകനും.
സിംഘു അതിർത്തികളിൽ ഒരുക്കിയ ടെന്‍റുകൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി. കൂടാരങ്ങൾ മഴ നനയാതിരിക്കാൻ വലിയ മുളകളും പ്ലാസ്റ്റിക് പൈപ്പുകളും ഉയർത്തി താർപോളിൻ ഷീറ്റ് മുകളിൽ വിരിച്ചു. ദിവസവും കർഷകനേതാക്കൾക്ക് സമരം ചെയ്യുന്നവരെ അഭിസംബാധന ചെയ്യുന്നതിനായി മെഗാ ടെന്‍റ് ഒരുക്കാൻ തയാറെടുപ്പുകൾ നടക്കുന്നതായും കർഷകർ പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയായിരുന്നു ഡൽഹിയിൽ. നവംബർ 26 മുതൽ കർഷകർ താമസിച്ചിരുന്ന ടെന്‍റുകൾ മിക്കതും തകർന്നുവീണു. ചിലത് ചോർെന്നാലിക്കാനും തുടങ്ങി. ഇതോടെ മിക്ക ടെന്‍റുകളിലും പാത്രങ്ങളിലും വലിയ ടിന്നുകളിലും മഴവെള്ളം ശേഖരിക്കുകയായിരുന്നു കർഷകർ. ദൈനം ദിന ആവശ്യത്തിന് ഈ വെള്ളം ഉപയോഗപ്പെടുത്താനാണ് കർഷകരുടെ നീക്കം.
കൂടാരങ്ങളിൽ മിക്കതും പൊളിച്ച് വീണ്ടും പണിയേണ്ടിവന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് ഗുരുദ്വാരകളുടെ നേതൃത്വത്തിലായിരുന്നു നവീകരണം. താർപോളിൻ ഷീറ്റുകളിൽ ഭൂരിഭാഗവും ആളുകൾ സംഭാവനയായി നൽകുന്നവയാണ്.
കാലാവസ്ഥ വ്യതിയാനം ശ്രദ്ധയിൽപ്പെട്ടയുടനെ വെള്ളം കടക്കാത്ത ഷീറ്റുകൾ ടെന്‍റുകളിൽ ഒരുക്കിയതായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്‍റ് മൻജീന്ദൻ സിങ് സിർസ പറഞ്ഞു. സ്ത്രീകൾക്കായും പ്രത്യേകം ടെന്‍റുകൾ ഒരുക്കി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കൂടുതൽ കിടക്കകളും പുതപ്പും അതിർത്തികളിൽ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ കൂടുതൽ സൗകര്യം ഒരുക്കാനാണ് തീരുമാനമെന്നും ബുധനാഴ്ച വൈകിട്ടോടെ കാലാവസ്ഥ അനുകൂലമാണെന്നാണ് കരുതുന്നതെന്നും ഭാരതീയ കിസാൻ യൂനിയൻ ജനറൽ സെക്രട്ടറി ഹരീന്ദർ സിങ് ലാഖോവൽ പറഞ്ഞു.
ഏഴാംവട്ട ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് കേന്ദ്രം തയാറാകാത്തതോടെ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിന്‍റെ ട്രാക്ടർ റാലിക്ക് മുന്നോടിയായി വ്യാഴാഴ്ച ഡൽഹിയിലെ വിവിധ അതിർത്തികൾ ട്രാക്ടർ റാലിയുടെ റിഹേഴ്സൽ നടത്തും. േദശീയ ട്രാക്ടർ റാലിയിൽ നൂറുകണക്കിന് ട്രാക്ടറുകൾ അണിനിരക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.