ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി അടുത്ത ഘട്ട ചർച്ചക്ക് തയാറാണെന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. അടുത്ത ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിന് കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തും. ഭക്ഷ്യധാന്യങ്ങൾ ട്രക്കുകളിൽനിറച്ച് പഞ്ചാബിൽനിന്നും മറ്റും കൂടുതൽ കർഷകർ രാജ്യ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് പുറപ്പെട്ടത്.
കേന്ദ്രവുമായി ചർച്ച പരാജയപ്പെട്ടാൽ 30ന് കുണ്ട്്ലി -മനേസർ -പൽവർ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ കർഷകർക്കൊപ്പം ചേരാനും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും കർഷക നേതാക്കൾ ആഹ്വാനം ചെയ്തു.
ഡിസംബർ 29നാകും അടുത്തഘട്ട ചർച്ച. ചർച്ചക്ക് സമ്മതം അറിയിച്ച് സംയുക്ത കിസാൻ മോർച്ച കാർഷിക മന്ത്രാലയം േജായിന്റ് സെക്രട്ടറി വിവേക് അഗർവാളിന് കത്തയച്ചു. കർഷക സമരത്തിനെതിരെ കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണമെന്നും കർഷക സംഘടനകൾ കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതുവഴി അടിസ്ഥാന താങ്ങുവില ഇല്ലാതാകുമെന്നും ചെറുചന്തകൾ ഇല്ലാതാകുമെന്നും കർഷകർ പറയുന്നു. എന്നാൽ നിയമം പിൻവലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.