ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കൊണ്ടുവന്ന കേന്ദ്രസർക്കാറിന് താക്കീതായി കർഷകരുടെ റോഡ് ഉപരോധം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ദേശീയ പാതകളാണ് മൂന്നുമണിക്കൂറോളം കർഷകർ ഉപരോധിച്ചത്. ഡൽഹി അതിർത്തിയിലെ മിക്ക റോഡുകളിലും ഗതാഗതം സ്തംഭിച്ചു.
റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തെ ഡൽഹിയിൽ വിന്യസിച്ചിരുന്നു.ബംഗളൂരുവിൽ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി 30പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഡൽഹിയിലും നിരവധി നേതാക്കളെ തടവിലാക്കി.
ഡൽഹി -ഹരിയാന അതിർത്തിയായ കുണ്ടലി മുതൽ പാൽവാൽ വരെ കർഷകർ റോഡ് ഉപരോധിച്ചു. ആംബുലൻസുകളെയും അവശ്യ സേവനങ്ങളെയും മാത്രമാണ് കടത്തിവിട്ടത്. പത്താൻകോട്ട് -ജമ്മു ദേശീയ പാതയും കർഷകർ ഉപരോധിച്ചു. പഞ്ചാബ് -ഹരിയാന അതിർത്തി സീൽ ചെയ്യുകയും കൂടാതെ ചെറുറോഡുകൾ അടച്ചിടുകയും ചെയ്തു.
റോഡ് ഉപരോധത്തോട് അനുബന്ധിച്ച് ഡൽഹിയിൽ 50,000 പൊലീസുകാരെയും സേനയെയുമാണ് അധികം വിന്യസിച്ചത്. രാവിലെ മുതൽ എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ചെങ്കോട്ടയിലും മെട്രോ സ്റ്റേഷനിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കർഷക പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയാണ് പ്രതിഷേധം. മാസങ്ങളായി വൻ പ്രക്ഷോഭത്തിനാണ് ഡൽഹി അതിർത്തികൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.