ന്യൂഡൽഹി: എല്ലാ ആവശ്യങ്ങളും രേഖാമൂലം അംഗീകരിച്ച് കേന്ദ്ര സർക്കാർ കീഴടങ്ങിയതോടെ കർഷകർ അതിർത്തിയിലെ സമരത്തിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുദ്ധം ജയിച്ചുവെന്നും കർഷകരുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും സംയുക്ത കിസാൻ മോർച്ച വ്യാഴാഴ്ച വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് അതിർത്തിയിൽ വിജയ പ്രാർഥന (ഫതേഹ് അർദസ്) നടത്തിയ കർഷകർ ശനിയാഴ്ച വൻ വിജയറാലി(ഫതേഹ് മാർച്ച്)യോടെ സ്വന്തം വീടുകളിലേക്ക് മടങ്ങും. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിെൻറ ദാരുണ വിയോഗം പരിഗണിച്ചാണ് വിജയറാലി ശനിയാഴ്ചയിലേക്ക് മാറ്റിയത്.
സിംഘു, ടിക്രി അതിർത്തികളിലെ സമരകേന്ദ്രങ്ങളിൽ ശനിയാഴ്ച രാവിലെ 11ന് വിജയറാലി തുടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. തുടർന്ന് പഞ്ചാബിൽ നിന്നുള്ള കർഷകർ ഈ മാസം 13ന് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രണാമമർപ്പിക്കും. ഭാവിയിലും സംഘടിതമായി തന്നെ മുന്നോട്ടുപോകുമെന്ന സൂചന നൽകിയ സംയുക്ത കിസാൻ മോർച്ച ഈ മാസം 15ന് അടുത്ത യോഗം പേരും.
സർക്കാറുമായുള്ള അവസാന വട്ട ചർച്ചക്ക് തിരഞ്ഞെടുത്ത അഞ്ചംഗ സമിതിക്കാണ് കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കരട് കേന്ദ്ര കൃഷി മന്ത്രാലയം കൈമാറിയത്. ഒന്നേകാൽ വർഷം നീണ്ട അതിർത്തി സമരം കൂടാതെ അതോടനുബന്ധമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സമരങ്ങൾക്കും ഇതോടെ സമാപ്തിയായതായി മോർച്ച വ്യക്തമാക്കി. ചരിത്ര വിജയം 715 കർഷക രക്തസാക്ഷികൾക്ക് സമർപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംയുക്ത കിസാൻ മോർച്ച സമരം ചെയ്ത കർഷകർക്കും അവരെ പിന്തുണച്ച പൗരന്മാർക്കും പിന്തുണ അറിയിച്ചു.
മൂന്ന് വിവാദ നിയമങ്ങളും പിൻവലിച്ചിട്ടും അവശേഷിക്കുന്ന ആവശ്യങ്ങൾക്കായി സമരം തുടർന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വീണ്ടും മുട്ടുമടക്കുകയായിരുന്നു. ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരമായ ഗാരൻറി, വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കൽ, വായു മലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്തൽ, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, സമരത്തിൽ രക്തസാക്ഷികളായ 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കൽ, രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിയിൽ സ്ഥലം അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ ഏതാണ്ടെല്ലാം അവർ നേടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.