ശ്രീനഗർ: ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യയും മകൾ സഫിയയും ഉൾപ്പടെ ആറ് വനിതകൾ അറസ്റ്റിൽ. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരയ്യയും സഫിയയുമാണ് പ്രകടനത്തിന് നേതൃത്വം നൽകിയിരുന്നത്.
കൈയിൽ കറുത്ത ബാൻറ് അണിഞ്ഞ് പ്ലക്കാർഡേന്തിയായിരുന്നു പ്രകടനം. പ്രതിഷേധക്കാരെ കൂട്ടം കൂടാൻ പൊലീസ് അനുവദിച്ചില്ല. ഇവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാവാതെ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് വാർത്താ കുറിപ്പ് നൽകുന്നതിൽ നിന്നും പൊലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു.
ജമ്മുകശ്മീരിനെ വിഭജിക്കുകയും ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവ റദ്ദാക്കി കശ്മീരിനെ ഇകഴ്ത്തുകയും ചെയ്യുന്ന ഇന്ത്യൻ സർക്കാറിൻെറ ഏകപക്ഷീയമായ തീരുമാനത്തെ തങ്ങൾ കശ്മീരിലെ സ്ത്രീകൾ നിരാകരിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. പൗര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നും തങ്ങൾ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്തതായും പ്രതിഷേധക്കാർ വാർത്താകുറിപ്പിൽ പറയുന്നു.
പിടികൂടിയവരെ വിട്ടയക്കണമെന്നും ഗ്രാമ നഗര പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.