ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്നും എന്നാൽ, പോരാട്ടം തുടരുമെന്നും കശ്മീരിലെ നേതാക്കൾ. നിരാശയുണ്ടെങ്കിലും ആത്മവിശ്വാസം ഇല്ലാതായിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല പറഞ്ഞു.
ഇവിടെയെത്താൻ ബി.ജെ.പി ദശകങ്ങളെടുത്തു. ദീർഘകാല പോരാട്ടത്തിന് ഞങ്ങളും തയാറാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു. സുപ്രീംകോടതി വിധി മാനിക്കുന്നുണ്ടെങ്കിലും പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയപക്ഷത്ത് നിൽക്കുമെന്ന് പിന്നീട് പ്രസ്താവനയിൽ ഉമർ അബ്ദുല്ല പറഞ്ഞു.
ജമ്മു-കശ്മീർ നിരവധി ഉയർച്ച താഴ്ചകൾ കണ്ടതാണെന്നും സുപ്രീംകോടതി വിധി തങ്ങളുടെ തോൽവിയല്ലെന്നും ഇന്ത്യ എന്ന ആശയത്തിന്റെ പരാജയമാണെന്നും മുൻ മുഖ്യമന്ത്രിയും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവുമായ മഹബൂബ മുഫ്തി പറഞ്ഞു.
അന്തസ്സിനും മാന്യതക്കും വേണ്ടിയുള്ള പോരാട്ടം തുടരും. ഇത് വഴിയുടെ അവസാനമല്ലെന്നും അവർ കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ കശ്മീർ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പി.ഡി.പി ഒരാഴ്ച പാർട്ടി പരിപാടികൾ നിർത്തിവെച്ചതായി പാർട്ടി വക്താവ് സയ്യിദ് സുഹൈൽ ബുഖാരി അറിയിച്ചു.
സുപ്രീംകോടതി വിധിയിൽ ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് സന്തോഷമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. എന്നാൽ, ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. പ്രത്യേക പദവി റദ്ദാക്കിയത് തിടുക്കത്തിലുള്ള തെറ്റായ തീരുമാനമായിരുന്നു. വിധിയിൽ കശ്മീരിലെ ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക പദവി നിയമപരമായി ഇല്ലാതായെങ്കിലും ഇത് എന്നും രാഷ്ട്രീയ അഭിലാഷമായി തുടരുമെന്ന് പീപ്ൾസ് കോൺഫറൻസ് പ്രസിഡന്റ് സജ്ജാദ് ലോൺ പറഞ്ഞു.
വിധി വരുന്നതിനുമുമ്പ് തങ്ങളെ വീട്ടു തടങ്കലിലാക്കിയെന്ന് ഉമർ അബ്ദുല്ലയും മഹബൂബയും സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയും ആരോപിച്ചിരുന്നുവെങ്കിലും സർക്കാർ നിഷേധിച്ചു. ആരെയും അറസ്റ്റ്ചെയ്യാനോ വീട്ടു തടങ്കലിലാക്കാനോ ഉത്തരവ് നൽകിയിട്ടില്ലെന്ന് പൊലീസും വിശദീകരിച്ചു.
അതേസമയം, ശ്രീനഗറും മറ്റ് പ്രധാന നഗരങ്ങളും ശാന്തമായിരുന്നുവെങ്കിലും കനത്ത സുരക്ഷ സന്നാഹം ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.