ദിസ്പുർ: വീട്ടുജോലിക്ക് നിന്ന 12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. അസമിലെ നാഗോണിൽ രാഹ പ്രദേശത്താണ് സംഭവം.
12കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലുടമകളായ പിതാവും മകനും പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസമിലെ പടിഞ്ഞാറൻ കാർബി ആഗ്ലോങ് ജില്ലക്കാരിയാണ് പെൺകുട്ടി.
പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതായും തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും നാഗോൺ ജില്ല പൊലീസ് സൂപ്രണ്ട് ഗുരാവ് അഭിജിത്ത് ദിലീപ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത് നിയമവിരുദ്ധമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'റാഹ പ്രദേശത്ത് തീകൊളുത്തി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ലഭിച്ചവിവരം. ഉടൻതന്നെ അവിടെയെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽതന്നെ ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഞങ്ങൾക്ക് മനസിലായി' -ദിലീപ് പറഞ്ഞു.
കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത വീട്ടിന് പുറത്ത് നിരവധിപേർ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.