ന്യൂഡൽഹി: കരൾ ഉരുകുന്ന കാത്തിരിപ്പിെൻറ ഒരു വര്‍ഷം കൂടി. ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാർഥിയായിരുന്ന നജീബ് അഹ്മദിെൻറ നിർബന്ധിത തിരോധാനത്തിന് വെള്ളിയാഴ്ച അഞ്ചുവര്‍ഷം. മകനെക്കുറിച്ച നോവുന്ന ഓർമയുമായി ഫാത്തിമ നഫീസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശാരീരിക അവശതകൾക്കിടയിലും മകൻ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ പോരാട്ടം തുടരുന്നു.
ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട് ജെ.എൻ.യുവിലെത്തിയ ഒന്നാം വർഷ എം.എസ്സി ബയോടെക് വിദ്യാർഥി നജീബിെന 2016 ഒക്ടോബർ 15നാണ് കാമ്പസിനകത്തെ മഹി മാണ്ഡവി ഹോസ്റ്റലിൽനിന്ന് കാണാതായത്. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിനു പിന്നാലെയായിരുന്നു തിരോധാനം. മകന് മർദനമേറ്റെന്ന് കേട്ടയുടൻ നൂറുകണക്കിന് കിലോമീറ്റർ അകലയുള്ള രാജ്യതലസ്ഥാന നഗരിയിലേക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദായൂനിൽനിന്ന് ഫാത്തിമ വണ്ടികയറി. യാത്രക്കിടയില്‍ നജീബ് മാതാവിനെ വിളിച്ചു സംസാരിച്ചിരുന്നു. ജെ.എൻ.യുവിൽ എത്തിയപ്പോഴേക്കും ഫാത്തിമ കേട്ടത് അവനെ കാണാനില്ല എന്ന വാര്‍ത്തയാണ്. തുടർന്ന് മകനെ കണ്ടെത്താനുള്ള പോരാട്ടത്തിലേക്ക് കടന്ന ഫാത്തിമ നഫീസ് ഇന്ന് ഡൽഹിയിലെ നീതിതേടിയുള്ള പല സമരങ്ങളുടെയും പ്രധാന മുഖമായി.
നജീബ് സ്വന്തം ഇഷ്ടപ്രകാരമാണ് കാമ്പസ് വിട്ടത്, മനോനില തെറ്റിയിരുന്നു, ഭീകരവാദിയാണ് തുടങ്ങിയ നിരവധി കഥകൾ പൊലീസും ഭരണകൂട മാധ്യമങ്ങളും പ്രചരിപ്പിച്ചു. വ്യാജ കഥകളിൽ തളരാതെ ഫാത്തിമ നഫീസ് നിയമ പോരാട്ടവുമായി മുന്നോട്ടുപോയി. ഒടുവിൽ, സി.ബി.െഎ കൂടി കൈ ഒഴിഞ്ഞതോടെയാണ് നിയമപോരാട്ടം അവർ താൽക്കാലികമായി അവസാനിപ്പിച്ചത്.
നജീബിനെ കണ്ടെത്താനുള്ള തങ്ങളുടെ ശ്രമം വിജയിച്ചില്ല എന്ന് രേഖപ്പെടുത്തി 2018 ഒക്ടോബർ 15ന് സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, നജീബ് എവിടെ? ഫാത്തിമയുടെ ആ ചോദ്യത്തിന് ഉത്തരമില്ല.
ജെ.എൻ.യു നജീബിനെ മറന്നോ? എന്ന ചോദ്യവുമായി വ്യാഴാഴ്ച ജെ.എൻ.യു കാമ്പസിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെൻറ്, എം.എസ്.എഫ്, എസ്.ഐ.ഒ, വൈ.എഫ്.ഡി.എ തുടങ്ങിയ വിദ്യാർഥി സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മകന് നീതി തേടിയുള്ള ഏതു പരിപാടിയിലും ഓടിയെത്തുന്ന ഫാത്തിമ നഫീസിന് ആരോഗ്യസ്ഥിതി മോശമായതിനാൽ വ്യാഴാഴ്ച കാമ്പസിൽ എത്താനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.