ന്യൂഡൽഹി: ഇടക്കാല ബജറ്റിനെക്കുറിച്ച ചർച്ച കേൾക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വൈകിയെത്തിയത് ചോദ്യംചെയ്ത് പ്രതിപക്ഷം. ബജറ്റ് ചർച്ചക്ക് കോൺഗ്രസിലെ ശശി തരൂർ തുടക്കമിട്ടപ്പോൾ ധനസഹമന്ത്രി മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്. ഇത് സഭയോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തൊട്ടുപിന്നാലെ സഭയിൽ കുതിച്ചെത്തിയ മന്ത്രി തരൂരിന്റെ പ്രസംഗം ശ്രദ്ധിക്കാതെ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ചർച്ചയിൽ ഏർപ്പെട്ടതിനെയും പ്രതിപക്ഷാംഗങ്ങൾ ചോദ്യംചെയ്തു. ഇതിനും ശേഷമാണ് ധനമന്ത്രി സ്വന്തം സീറ്റിലെത്തിയത്.
യഥാർഥ ജീവൽപ്രശ്നങ്ങൾ നേരിടാതെ വികസന വായ്ത്താരിയിലൂടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് പാർലമെന്റിൽ തരൂർ കുറ്റപ്പെടുത്തി. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ വികസനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ വാചകമടിക്കുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങൾ മോദിസർക്കാറിനു കീഴിൽ കൂടുതൽ ദുർബലമാവുകയാണ് ചെയ്തതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി.
ഇടക്കാല ബജറ്റ് ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു തരൂർ. വർത്തമാനമല്ലാതെ സർക്കാർ പ്രവർത്തിക്കുന്നില്ല. ദാരിദ്ര്യം, ഉപഭോഗം എന്നിവയുടെ കാര്യത്തിൽ യഥാർഥ സ്ഥിതി വ്യക്തമാക്കുന്ന ശരിയായ കണക്കുകൾ സർക്കാർ നൽകുന്നില്ല. വ്യക്തികളുടെ അവകാശങ്ങളിൽ കടന്നുകയറുകയും നികുതിഭീകരത നടപ്പാക്കുകയും ആനുപാതിക ക്ഷേമനടപടികൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന വിഷയത്തിൽ ജനവഞ്ചന നടത്തുകയുമാണ് മോദിസർക്കാർ.
‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് അധികാരത്തിൽ വന്ന ബി.ജെ.പിയിൽ പ്രതീക്ഷവെച്ച ജനത്തിന് നിരാശപ്പെടേണ്ടി വന്നു. വിവിധ സന്ദർഭങ്ങളിലെ തെറ്റായ ധനകാര്യ നിർവഹണം ജനങ്ങൾക്ക് നൽകിയത് യാതനയും വരുമാന ചോർച്ചയും തൊഴിലില്ലായ്മയുമാണ്. അസഹിഷ്ണുത നിറഞ്ഞ പ്രവർത്തനങ്ങൾമൂലം ജനാധിപത്യ സംവിധാനങ്ങളും ദുരനുഭവം നേരിടുകയാണ്. പാർലമെന്റ് നടപടിക്രമങ്ങൾ മാനിക്കാതെ നിയമങ്ങളും ജനാധിപത്യ സങ്കൽപങ്ങളും അട്ടിമറിക്കുന്നു.
മണിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവന്നു. ബുൾഡോസർ നീതിയും ആൾക്കൂട്ട മർദനവും വർഗീയ അതിക്രമങ്ങളും ഈ സർക്കാറിനു കീഴിൽ വർധിച്ചു.
സഹകരണാത്മക ഫെഡറലിസം പറയുകയും സംസ്ഥാനങ്ങളെ അനാദരിക്കുകയുമാണ് ചെയ്തുവരുന്നത്. ഇടക്കാല ബജറ്റിലൂടെ മനോഹരമായ ചിത്രം വരച്ചുവെക്കാനുള്ള ശ്രമം നടത്തിയെന്നല്ലാതെ, സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾക്കൊന്നും മറുപടിയില്ല.
പി.എം ഫസൽ ബീമ യോജന, പി.എം കിസാൻ സമ്മാൻ നിധി തുടങ്ങിയവയുടെ ഗുണഭോക്താക്കളും വിഹിതവും കുറഞ്ഞുവരുന്നതാണ് സാഹചര്യം. ഇടക്കാല ബജറ്റിൽ മൂലധന ചെലവിന് വകയിരുത്തിയത് 11,11,111 കോടി രൂപയാണ്. കൃത്യമായ കണക്കും വിഹിതവുമാണ് വേണ്ടതെന്നിരിക്കെ, ഇത്തരം അലങ്കാരസംഖ്യകൾക്ക് ബജറ്റിൽ എന്താണ് പ്രസക്തിയെന്ന് തരൂർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.