ട്രെയിൻ കത്തി ഒമ്പത് പേർ വെന്തുമരിച്ച സംഭവം: അഞ്ച് യു.പി സ്വദേശികൾ പിടിയിൽ

മധുര: മധുര റെയിൽവേ ജങ്ഷന് സമീപം ട്രെയിനിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പേരെ തമിഴ്നാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സിതാപൂർ ജില്ലയിലെ ജി. സത്യപ്രകാശ് റസ്‌തോഗി (47), ആർ. നരേന്ദ്രകുമാർ (61), എം. ഹാർദിക് സഹാനി (24), ജെ. ദീപക് (23), സി. ശുഭം കശ്യപ് (19) എന്നിവരാണ് പിടിയിലായത്.

റെയിൽവേ നിയമത്തിലെ 164-ാം വകുപ്പ് ലംഘിച്ച് തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോയി എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (2) പ്രകാരം മനപൂർവമല്ലാത്ത നരഹത്യക്കും ഐപിസി സെക്ഷൻ 285 പ്രകാരം തീയോ കത്തുന്ന വസ്തുക്കളോ അശ്രദ്ധമായി ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്.

തീപിടിത്തത്തിന് കാരണമാകുന്ന ഗ്യാസ് സിലിണ്ടർ, ക്രാക്കേഴ്സ്, ആസിഡ്, മണ്ണെണ്ണ, പെട്രോൾ, തെർമിക് വീൽഡിങ്, സ്റ്റൗവ് എന്നിവ ട്രെയിൻ യാത്രക്കിടെ കൊണ്ടുപോകുന്നത് 1989​ലെ റെയിൽവേ നിയമപ്രകാരമുള്ള 67, 164, 165 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്.

ഇവരെല്ലാം ടൂർ ഓപ്പറേറ്റർ സംഘത്തിലുള്ളവരായിരുന്നുവെന്ന് മധുര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. പൊന്നുസാമി പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളായ ഹരീഷ് കുമാർ ബാഷിം, അങ്കുൽ കശ്യപ് എന്നിവർ തീപിടിത്തത്തിൽ മരണപ്പെട്ടിരുന്നു. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെ ഇവർ ​കരുതിയിരുന്നതായി ഡി.എസ്.പി പറഞ്ഞു.

“സിലിണ്ടറിന്റെ റബ്ബർ പൈപ്പിൽ ചോർച്ചയുണ്ടായിരുന്നു. ഇത് വകവെക്കാതെ സ്റ്റൗവിൽ ഘടിപ്പിച്ച് ട്രെയിനിനുള്ളിൽവെച്ച് കത്തിക്കാൻ ശ്രമിച്ചു. ഇതിനകം ചോർന്ന വാതകത്തിന് നിമിഷങ്ങൾക്കകം തീപിടിച്ചു. കോച്ചിൽ സൂക്ഷിച്ചിരുന്ന മറ്റൊരു സിലിണ്ടറും പൊട്ടിത്തെറിച്ചത് അപകടത്തി​നെറ വ്യകാപ്തി കൂട്ടി’ -അദ്ദേഹം പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബർ 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച പുലർച്ചെ 5.15നാണ് മധുര റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചത്. യു.പിയിലെ ലഖ്നോയിൽനിന്നുള്ള 65 ടൂറിസ്റ്റുകളാണ് കോച്ചിലുണ്ടായിരുന്നത്. പാർട്ടി കോച്ച് ബുക്ക് ചെയ്ത് ആഗസ്റ്റ് 17നാണ് ലഖ്നോയിൽ നിന്ന് യാത്ര ആരംഭിച്ചത്. ഞായറാഴ്ച ചെന്നൈയിലെത്തി അവിടെ നിന്ന് ലഖ്നോയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. അപകടം നടക്കുമ്പോൾ കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തി മധുര സ്റ്റേബിളിംഗ് ലൈനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗ്യാസ് സ്റ്റൗ കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മധുര ജില്ല കലക്ടർ എം.എസ്. സംഗീതയും സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ബി. ഗുഗണേശനും വ്യക്തമാക്കിയിരുന്നു. ​തീപടരുന്നത് കണ്ട് യാത്രക്കാരിൽ ഭൂരിഭാഗവും​ ബോഗിയിൽ നിന്ന് ചാടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

Tags:    
News Summary - Fire in coach: Five from Uttar Pradesh arrested in Madurai by Tamil Nadu Railway Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.