കാത്തുകാത്തിരുന്ന ഉത്സവ ദിനത്തിെൻറ പ്രതീതിയിലായിരുന്നു പോളിങ് ദിവസമായ ശനിയാഴ്ച ജോർപാട്കി ഗ്രാമവാസികൾ. കൂലിവേല ചെയ്യുന്ന ബിഹാറിലെയും സിക്കിമിലെയും ഗ്രാമങ്ങളിൽനിന്ന് ഈദിന് വരുന്നതുപോലെ തലേനാൾ എത്തിച്ചേർന്നവർ അയൽപക്കക്കാരും കുടുംബാംഗങ്ങളുമൊത്ത് വർത്തമാനങ്ങൾ പങ്കിട്ടും കുട്ടികളെ താലോലിച്ചുമിരുന്നു. ചിലർ വെയിൽ മൂക്കും മുേമ്പ വോട്ട് ചെയ്തുവരാൻ കുളിച്ചൊരുങ്ങി വീട്ടിൽ നിന്നിറങ്ങി. വോട്ടെടുപ്പ് കാണാൻ കൗതുകത്തോടെ കുട്ടികൾ ബൂത്തിന് മുന്നിൽ വന്ന് കാത്തുനിന്നു.സന്തോഷത്തിന് പക്ഷേ, അൽപായുസ്സായിരുന്നു. പൊടുന്നനെ കേട്ട വെടിയൊച്ച അവരുടെ പ്രിയപ്പെട്ടവരുടെ പ്രാണൻ നഷ്ടപ്പെട്ടതിെൻറ അപായ മുഴക്കമായിരുന്നു.
സിതാൽ കുൽച്ചിയിലെ അംതാലി യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ ക്യൂ നിന്ന നാലുപേരാണ് കേന്ദ്ര പൊലീസ് സേന നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തികച്ചും സമാധാനത്തിൽ നീങ്ങിയ വോെട്ടടുപ്പിനിടെയാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്ന് വോട്ടുചെയ്യാൻ വരി നിൽക്കുകയായിരുന്ന സഫീഉദ്ദീൻ മിയാൻ പറഞ്ഞു. 950 വോട്ടർമാരുളള ബൂത്തിൽ 750 പേരും ന്യൂനപക്ഷ സമുദായാംഗങ്ങൾ, സംഘടിതമായി തൃണമൂലിന് വീഴുമായിരുന്ന ഈ വോട്ടുകൾ തടയാനാണ് ആഭ്യന്തര മന്ത്രിക്ക് കീഴിലെ കേന്ദ്രസേന തങ്ങളുടെ പ്രിയപ്പെട്ടവരെ അറുകൊലചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊല്ലപ്പെട്ട സമീഉൽ ഹഖിെൻറ (21) കന്നിവോട്ടവസരമായിരുന്നു. ജോർപാട്കിയിൽ ഈയിടെ ഇൻറർനെറ്റ് കഫേ തുറന്ന ഈ ചെറുപ്പക്കാരൻ നാട്ടുകാർക്ക് ആവശ്യമായ അപേക്ഷകളും രേഖകളും ശരിയാക്കി നൽകാൻ ഏതു സമയവും ഓടിനടന്നിരുെന്നന്ന് അയൽവാസികൾ പറയുന്നു. മൂന്നു പേർ ബിഹാറിലെ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യുന്നവർ. കുടുംബത്തിെൻറ ഏക അത്താണികൾ.
ആത്മരക്ഷാർഥം വെടിവെച്ചതാണെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ പ്രത്യേക പൊലീസ് നിരീക്ഷകൻ വിവേക് ദുബെ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി മമത ബാനർജിയെ പോലെ ഗ്രാമവാസികളൊന്നടങ്കം തള്ളിക്കളയുന്നു. കേന്ദ്ര സേന ബംഗാളിെലത്തിയാൽ ''അറബി''കളുടെ നെഞ്ചിന് നേരെയായിരിക്കും വെടിവെക്കുകയെന്ന് രണ്ടു മാസം മുമ്പ് പശ്ചിമബംഗാൾ ഘടകം ബി.ജെ.പി അധ്യക്ഷൻ പറഞ്ഞതാണിപ്പോൾ യാഥാർഥ്യമായതെന്ന് അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറയുടെ സംഘാടകനും മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ പ്രസിഡൻറുമായ സാബിർ ഗഫാർ 'മാധ്യമ'ത്തോടു പറഞ്ഞു. മുസ്ലിം വോട്ടർമാർക്ക് നേരെ സേന ഇനിയും വെടിവെക്കുമെന്ന് ഞായറാഴ്ച വീണ്ടും ഘോഷ് ഭീഷണി മുഴക്കിയത് സാബിർ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സി.ആർ.പി.എഫിനെ മേൽ നിർദേശങ്ങൾ അടിച്ചേൽപിക്കുന്നതെന്ന് മമതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കുറ്റപ്പെടുത്തി.
മതാഭംഗയിലെ സബ്ഡിവിഷനൽ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ കണ്ട് കണ്ണീരടക്കാൻ പാടുപെട്ടു നാട്ടുകാരും ബന്ധുക്കളും. മരിച്ചവരുടെ പിഞ്ചുകുഞ്ഞുങ്ങളോട് എന്തു മറുപടിയും ആശ്വാസവാക്കും പറയുമെന്നും അവർക്കറിയുകയുമില്ല. തങ്ങളെ ആക്രമിെച്ചന്ന സേനയുടെ പരാതിയിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയിരിക്കുകയാണ് വെടിവെപ്പിെൻറ പിറ്റേന്ന് ഗ്രാമത്തിലെ പുരുഷന്മാരിലേറെയും.
സുരക്ഷക്കായി വിന്യസിച്ചവരല്ല വോട്ടർമാർക്ക് നേരെ നിറയൊഴിച്ചതെന്ന് കേന്ദ്രസേനയുടെ വെടിയേറ്റ് മരിച്ച ഹാമിദുൽ മിയാെൻറ(31) ബന്ധു മൻസൂർ മിയാൻ പറഞ്ഞു. ആ സമയത്ത് വോട്ടു ചെയ്യാൻ വരിയിൽ നിൽക്കുകയായിരുന്നു മൻസൂർ. 20ലേറെ സി.ആർ.പി.എഫുകാർ ആ സമയത്ത് ബൂത്തിന് മുന്നിൽ വന്നിറങ്ങി. വോട്ടുചെയ്യാനെത്തിയവരെന്നോ ചെയ്തു കഴിഞ്ഞവരെന്നോ വ്യത്യാസമില്ലാതെ ആളുകളെ അടിച്ചോടിക്കാൻ തുടങ്ങി.
കുട്ടികളെ പോലും വെറുതെ വിട്ടില്ല. ഏറെ അകലെനിന്ന് വോട്ടെടുപ്പ് കാണുകയായിരുന്ന 15വയസ്സുള്ള മൃണാൾ ഹഖിനെ അടിച്ച് പരിക്കേൽപിച്ചത് കണ്ടാണ് നാട്ടുകാർ പ്രതിഷേധം തുടങ്ങിയെന്ന് ജോർപട്കിയിലെ കർഷകൻ സഫീഉദ്ദീൻ മിയാൻ പറഞ്ഞു. വീണ്ടും ലാത്തിച്ചാർജ് നടത്തി കണ്ണീർവാതകം പോലും പ്രയോഗിക്കാതെ നെഞ്ചിന് നേർക്ക് വെടിവെക്കുകയായിരുന്നു. വോട്ടുചെയ്യാൻ വരിനിന്നവർ അതോടെ ചിതറിയോടി. സ്ത്രീകൾ അടക്കം 300ലേറെ പേർ ആ സമയം ബൂത്തിൽ തടിച്ചുകൂടിയിരുെന്നന്നാണ് ജില്ല പൊലീസ് മേധാവി പറഞ്ഞത്.
തങ്ങളുടെ ജീവനും വോട്ടുയന്ത്രങ്ങളും രക്ഷിക്കാൻ വെടിവെേക്കണ്ടി വെന്നന്ന് സേനയെ ഇറക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ന്യായീകരിക്കുേമ്പാൾ എന്തുകൊണ്ടാണ് കണ്ണീർവാതകം പ്രയോഗിക്കുകപോലും ചെയ്യാതെ നെഞ്ചിലേക്ക് വെടിവെച്ചതെന്ന് മമത തിരിച്ചുചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.