ദിസ്പൂർ: അസമിലെ മോറിഗാവിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. 150 ഗ്രാമങ്ങളിലെ 45000ത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. പ്രദേശത്തെ 3059 ഹെക്ടിലധികം വിളകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
വീടുകളിൽ വെള്ളം കയറിയതോടെ നിരവധി പേർ റോഡിൽ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. നിരവധി പ്രതിസന്ധികളാണ് പല കുടുംബങ്ങളും നേരിടുന്നതെന്നും പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലാണെന്നും കച്ചാസില നിവാസി പ്രേംചന്ദ് മണ്ഡാൽ പറഞ്ഞു. "ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വെള്ളപ്പൊക്കം ഞങ്ങളുടെ വീടുകൾ വിഴുങ്ങി. ഈ പ്രദേശത്ത് മാത്രം ഏകദേശം നൂറോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. മുമ്പ് ബ്രഹ്മപുത്ര നിറഞ്ഞൊഴുകിയപ്പോഴും വീട്ടിൽ വെള്ളം കയറിയിരുന്നു ശരിക്കുമുള്ള എന്‍റെ വീടിപ്പോൾ നദിയുടെ നടുവിലാണ്" - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അസം ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 818 ഗ്രാമങ്ങളിലായി 22000 ഹെക്ടർ വിളകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ 153 ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ദുരിതബാധിതരായ കർഷകർക്ക് മതിയായ ധനസഹായം ഉറപ്പാക്കുമെന്നും പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്നും അസം കാർഷിക മന്ത്രി അടൽ ബോറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.